“നിഷ്കളങ്കനായ രാഷ്ട്രീയ നേതാവ്”; വി എസ് അച്യുതാനന്ദനെ ഓര്‍മ്മിച്ച് എം എ യൂസഫലി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വ്യവസായി എം എ യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി ആദരാഞ്ജലി അർപ്പിച്ചത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് വി എസിന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. നൂറ് കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം

വി എസിന് ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് ഇന്ന് അവധിയാണ്. വി എസിന്‍റെ സംസ്കാരം നടക്കുന്ന ആലപ്പുഴയില്‍ നാളെയും പൊതുഅവധിയാണ്.

Hot Topics

Related Articles