കീവ്: ജൈവായുധം നിരോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്ൻ -റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ആവശ്യം.
ജൈവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത കൂടിവരുന്ന സാഹചര്യത്തിലാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര എത്തിയത്. ജൈവായുധം എന്നതിനോട് ഇന്ത്യ എതിരാണെന്നും നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ പറഞ്ഞു.
അമേരിക്കൻ പിന്തുണയോടെ യുക്രെയ്ൻ കെമിക്കൽ, ബയോളജിക്കൽ ലാബുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി മരിയ സഖരോവ പറഞ്ഞിരുന്നു. റഷ്യയ്ക്കെതിരെ ജൈവായുധം അടക്കം പ്രയോഗിക്കാൻ യുക്രെയ്ന് ലോക ശക്തി സഹായം നൽകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. യുക്രെയ്ന് വേണ്ടി എല്ലാ ആയുധങ്ങളും രഹസ്യമായി എത്തുന്നുണ്ടെന്നാണ് വിവരം. പിന്നാലെയാണ് ആശങ്ക രേഖപ്പെടുത്തി ഇന്ത്യ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേകം പരിശീലനം നൽകിയ ദേശാടനപ്പക്ഷികളെ ഉപയോഗിച്ച് റഷ്യയിൽ ജൈവായുധം പ്രയോഗിക്കാൻ യുഎസ് പദ്ധതിയിടുന്നുണ്ടെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. ഈ പക്ഷികൾ പരിശീലനം പൂർത്തിയാക്കിയെന്നും ഇവ റഷ്യയിലേക്ക് ആയുധങ്ങളുമായി പറക്കാൻ തയാറെടുക്കുകയാണെന്നും റഷ്യൻ ഫെഡറേഷന്റെ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെൻകോവാണ് പറഞ്ഞത്.
അതേസമയം ഐക്യരാഷ്ട്രസഭയിൽ റഷ്യൻ വാദം അമേരിക്ക നിഷേധിച്ചു. ഉക്രെയ്നിന് ഒരു ജൈവ ആയുധ ലാബുകളോ കേന്ദ്രങ്ങളോ ഇല്ലെന്നാണ് അമേരിക്ക അറിയിച്ചത്. യുക്രെയ്നിൽ എല്ലായിടത്തും പൊതുജനാരോഗ്യ സൗകര്യ കേന്ദ്രങ്ങൾ മാത്രമേയുള്ളൂ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ദീർഘകാലമായി ഒരു ജൈവ ആയുധ പരിപാടി നിലനിർത്തുന്നത് റഷ്യയാണെന്നും യുഎസ് കുറ്റപ്പെടുത്തി.