അശാസ്ത്രീയമായ ഓട നിർമ്മാണം : തകർന്ന് തരിപ്പണമായി തുരുത്തി മുളയ്ക്കാൻതുരുത്തി റോഡ്

കോട്ടയം : അശാസ്ത്രീയമായ ഓട നിർമ്മാണത്തിൽ തകർന്ന് തരിപ്പണമായി കോട്ടയം തുരുത്തി മുതൽ മുളയ്ക്കാൻതുരുത്തി വരെയുള്ള റോഡ്. ഏകദേശം നാലു വർഷങ്ങൾ പിന്നിടുകയാണ് ഈ റോഡുകൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട്. കാവാലം നീലംപേരൂർ 8,9 വാർഡുകളിലൂടെ പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. നാലു വർഷങ്ങൾക്കു മുമ്പാണ് റോഡിന്റെ ഇരുവശങ്ങളിലുമായി അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണത്തിനുശേഷം റോഡ് നവീകരണം നടത്താതെ കോൺട്രാക്ടർമാർ കൈയ്യൊഴിഞ്ഞതാണ് റോഡ് തകർന്നു തരിപ്പണം ആവാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് അപകടാവസ്ഥയിൽ കിടന്നിട്ടും യാതൊരു നടപടിയും ഇത്രയും വർഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.

Advertisements

സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡ് ആണിത്. എന്നാൽ കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയാണ് ഇപ്പോൾ. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും ഈ റോഡിൽ അപകടത്തിൽപ്പെടുന്നത്. അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം സമീപത്തെ വീടുകളിലേക്ക് വാഹനങ്ങൾ പോലും കയറ്റാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അടിയന്തരമായി തന്നെ ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെട്ട് റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles