പാമ്പാടി: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് കൂരോപ്പട സ്വദേശിയിൽ നിന്നും 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ അസം സ്വദേശിയെ അസമിൽ എത്തി പിടികൂടി പാമ്പാടി പൊലീസ്. മണിപ്പൂർ സ്വദേശിയും അസം കാംപൂർ ഗുവഹാത്തി സൂരജ് നഗറിൽ താമസിക്കുന്ന ആളുമായ ആൻഗോൺ സന്ദീപ് സിംങിനെ (31)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അപ്സ്റ്റോക്സ് സെക്യൂരിറ്റീസ് എന്ന ഷെയർ ബ്രോക്കർ മുഖേന ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താറുണ്ടായിരുന്ന കൂരോപ്പട സ്വദേശിയുടെ ഫോൺ നമ്പർ വാട്സ്-ആപ്പിലേക്ക് ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് തുടക്കമിട്ടത്. The Bob Global Capital എന്ന Whats-App ഗ്രൂപ്പിൽ ട്രേഡിംങിനായി ജോയിൻ ചെയ്യിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പരാതിക്കാരന്റെ പേരിൽ കോട്ടയം ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും 2024 നവംബർ 19 മുതൽ 2025 ജനുവരി 14 വെയുള്ള തീയതികളിലായി നിക്ഷേപമായി സ്വീകരിച്ച ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഈ തുക തിരികെ ലഭിക്കുന്നതിനായി ആവശ്യപ്പെട്ടസമയം അക്കൗണ്ട് ബ്ലോക്കായി കിടക്കുകയാണെന്നും 5 ലക്ഷം രൂപാ അടച്ചാൽ മാത്രമേ റീസ്റ്റോർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 24 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സംഭവത്തിൽ 2025 ജനുവരി 23 തീയതി കൂരോപ്പട സ്വദേശിയുടെ പരാതിയിൽ പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നു ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശം അനുസരിച്ച് പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുകയായിരുന്നു.
തുടർന്ന്, എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.ജി രാജേഷ്, എ.എസ്.ഐ വിനീത്, എരുമേലി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സതീഷ്, പാമ്പാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
അസമിൽ എത്തിയ പോലീസ് സംഘത്തിന് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നിരവധി തടസ്സങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതി ഒളിവിൽ താമസിക്കുന്ന ആഡംബര ഫ്ലാറ്റ് കണ്ടെത്തുകയായിരുന്നു. അസം പോലീസിന്റെ സഹായത്തോടെ രാത്രി 12 മണിയോടെ ഫ്ലാറ്റിലേക്ക് കയറിയ പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. നിലവിൽ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.