ചോർന്നൊലിക്കുന്ന വീട് : തെന്നി വീണ് കാലൊടിഞ്ഞു : ഇതും ഒരു എം എൽ എ ആണ് : വീട് ജപ്തി ചെയ്യാറായ നിലയിൽ സി പി ഐ എം എൽ എ

തൃശ്ശൂർ: നാട്ടിക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സി.സി. മുകുന്ദന്റെ വീട്ടില്‍ ഈ മഴക്കാലത്ത് രണ്ട് വസ്തുക്കള്‍ കരുതലിനായുണ്ട്, കട്ടിയുള്ള ചണച്ചാക്കും വലിയ വാവട്ടമുള്ള പാത്രങ്ങളും. കഴുക്കോലും പട്ടികയും ദ്രവിച്ച്‌ ഓടുകള്‍ തെന്നിമാറിയ മേല്‍ക്കൂരയുള്ള വീട്ടില്‍ മഴക്കാലത്ത് നിറയെ വെള്ളമാണ്. ഇത് ശേഖരിച്ച്‌ പുറത്തുകളയാനാണ് വലിയപാത്രങ്ങള്‍. വെള്ളം വലിച്ചെടുക്കാനാണ് ചണച്ചാക്കുകള്‍.

Advertisements

അന്തിക്കാട് കവലയില്‍നിന്ന് ഒരുകിലോമീറ്റർ അകലെയാണ് മുകുന്ദന്റെ വീട്. കാലപ്പഴക്കമുള്ള ഈ ഓടിട്ടവീട് ജപ്തിഭീഷണിയിലാണ്. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കില്‍നിന്ന് പത്തുവർഷം മുൻപ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനുമുൻപ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോള്‍ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച്‌ ബാങ്കുകാർ പലതവണ കത്തയച്ചു. എംഎല്‍എയായതിനാല്‍ ജപ്തിനടപടിക്ക് പരിമിതികളുണ്ടെന്നതിനാല്‍ ഇറക്കിവിട്ടിട്ടില്ലെന്നുമാത്രം. സിപിഐ നേതാവായ മുകുന്ദൻപാർട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിനുള്ളില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ തെന്നിവീണ് എംഎല്‍എയുടെ വലതുകാലിന് ബുധനാഴ്ച ഗുരുതരപരിക്കുമേറ്റു. വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ച്‌ അർധരാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയതാണ്. കിടപ്പുമുറിയാക്കിയ ഹാളിലേക്കുകടന്നതും തെന്നിവീഴുകയായിരുന്നു. 15 ദിവസം പൂർണവിശ്രമം വേണം.

അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ അറ്റൻഡറായിരുന്നു മുകുന്ദൻ. ഈയിനത്തില്‍ തുച്ഛമായ പെൻഷനുണ്ട്. എംഎല്‍എ എന്നനിലയിലുള്ള ഓണറേറിയമുണ്ട്. പക്ഷേ, ഇതൊന്നും കടംവീട്ടാൻ മതിയാകുന്നില്ല. കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 കെട്ടണം. അധികമായെടുത്ത മൂന്നുലക്ഷത്തിന്റെ ബാങ്ക് വായ്പയും അടയ്ക്കണം. അതോടെ വരുമാനംമുട്ടും. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധികയ്ക്ക് വരുമാനമൊന്നുമില്ല. രണ്ടുപെണ്‍മക്കളും താത്കാലികജീവനക്കാരാണ്.

ചോർച്ചതടയാനായി ടാർപായ വാങ്ങിവെച്ചിട്ടുണ്ട്. ഉറപ്പില്ലാത്ത മേല്‍ക്കൂരയ്ക്കുമുകളില്‍ക്കയറി ടാർപായയിടാൻ ആരും തയ്യാറാകുന്നില്ല.

Hot Topics

Related Articles