കോട്ടയം: പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരാംപാറയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര തകർന്നത്. വീടിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്നത്. അത് 30 മീറ്ററോളം അകലേക്ക് പറന്നു പോകുന്ന രീതിയിലുള്ള കാറ്റാണ് വീശിയടിച്ചത്. പാത്താമുട്ടം പാമ്പൂരംപാറ പാറയിൽ പി.ഐ. ബിജുവിന്റെ വീടാണ് കാറ്റത്ത് നശിച്ചത്. ഈ സമയം 20 വയസ്സുള്ള മകൾ ബിയാമോൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുകയായിരുന്നു. അപായമൊന്നും സംഭവിച്ചില്ല.



ചിങ്ങവനം പരുത്തുംപാറയ്ക്കു വരുന്ന വഴിയിൽ സദനം കവലയിൽ കുളങ്ങര വീട്ടിൽ ബാബു പോളിന്റെ വീടിനു മുകളിലേയ്ക്കാണ് തേക്ക് മരം കടപുഴകി വീണത്. കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ബാബുവിന്റെ വീടിനു പിന്നിലെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകി വീണത്. ഈ മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ബാബു പല തവണ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ മരം കടപുഴകി വീണതെന്നാണ് പരാതി.



