കോട്ടയം: കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ എയ്ഡ്സ് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്രാ യുവജനദിനത്തിന് മുന്നോടിയായി ജില്ലാതലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
17 -25 പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള കോളജ് വിദ്യാർഥികൾക്കായി മാരത്തൺ മത്സരം, 8,9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. രണ്ടുപേർ ഉൾപ്പെടുന്ന ഒരു ടീമായിട്ടാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്‌കൂളിൽനിന്ന് ഒരു ടീം മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ക്വിസ് മത്സരം ഓഗസ്റ്റ് രണ്ട് ശനിയാഴ്ച രാവിലെ 10.30 മുതൽ കോട്ടയം കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുആരോഗ്യം, കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, എച്ച.്ഐ.വി./എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സർക്കാർ ആരോഗ്യപരിപാടികൾ എന്നിവയാണ് ക്വിസ് മത്സര വിഷയങ്ങൾ. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്.
മാരത്തൺ മത്സരം (റെഡ് റൺ) ഓഗസ്റ്റ് അഞ്ചിന് കോട്ടയം സി.എം.എസ.് കോളജിൽ നടക്കും. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തൺ മത്സരത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,4000,3000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്കും മാരത്തൺ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 നകം പങ്കെടുക്കുന്നവരുടെ പേരും സ്ഥാപനത്തിന്റെ പേരും വാട്സ്ആപ്പ് ചെയ്തു രജിസ്റ്റർ ചെയ്യണം. നമ്പർ: 9496109189.