ഭുവനേശ്വർ: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലൻസ് സംഘം. ഫ്ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകള്‍, ഒന്നരക്കിലോ സ്വർണവും 4.6 കിലോ വെള്ളിയും, പലയിടത്തുമുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. കോരാപുട് ജില്ലയിലെ ജെയ്പോർ ഫോറസ്റ്റ് റേഞ്ചില്‍, ഡെപ്യൂട്ടി റേഞ്ചർ തസ്തികയില്‍ ജോലിചെയ്യുന്ന രാമചന്ദ്ര നേപക്കിന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് വെള്ളിയാഴ്ച വിജിലൻസ് പരിശോധന നടത്തിയത്. രാമചന്ദ്ര അനധികൃതമായി സ്വത്ത് സമ്ബാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.
ജെയ്പോർ നഗരത്തിലെ ഫ്ളാറ്റുകളിലൊന്നിലെ രഹസ്യ അറയില്‍നിന്നാണ് 1.4 കോടിരൂപ കണ്ടെടുത്തതെന്ന് ഒഡീഷ വിജിലൻസ് അറിയിച്ചു. സ്വർണം, ബിസ്കറ്റുകളായും നാണയങ്ങളായുമാണ് സൂക്ഷിച്ചിരുന്നത്. ജെയ്പോർ, ഭുവനേശ്വർ നഗരങ്ങളിലായി മൂന്ന് ഫ്ളാറ്റുകളുമുണ്ട്. 1989 മാർച്ചിലാണ് രാമചന്ദ്ര വനംവകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സർവീസില്‍നിന്ന് വിരമിക്കാൻ വെറും അഞ്ചുമാസം മാത്രമാണ് ഇനിയുള്ളത്. ഇയാളെ അഴിമതി നിരോധന നിയമപ്രകാരം ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.