ബാങ്കോക്ക്: സംഘർഷം തുടരുന്നതിനിടെ കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്ലാൻഡ്. ചന്തഭുരിയിലെ ഏഴ് ജില്ലകളിലും ത്രാറ്റിലെ ഒരു ജില്ലയിലുമാണ് സൈനിക നിയമം പ്രാബല്യത്തില്‍ വന്നത്. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് തായ്ലാൻഡ് കംബോഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തായ് മേഖലയിലേക്ക് കംബോഡിയ അതിക്രമിച്ച് കടക്കാനുള്ള ശ്രമം നടത്തുന്നതിനെത്തുടർന്നാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് ചന്തഭുരി, ത്രാറ്റ് അതിർത്തിയിലെ പ്രതിരോധ കമാൻഡറായ അപിചാർട്ട് സപ്രസെർട്ട് പ്രസ്താവനയില്‍ അറിയിച്ചു. കംബോഡിയയുമായുള്ള അതിർത്തി തർക്കം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും മൂന്നാം കക്ഷി മധ്യസ്ഥതയിലല്ലെന്നും തായ് ഉദ്യോഗസ്ഥർ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തില്‍ നീക്കം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിർത്തിയില്‍ സൈനികസംഘർഷം രൂക്ഷമായതോടെ യുദ്ധസമാനമാണ് സ്ഥിതി. ഇരുരാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിർത്തിത്തർക്കം വഷളായതോടെയാണ് സായുധ-നയതന്ത്ര സംഘർഷം മൂർച്ഛിച്ചത്. തായ് ഗ്രാമങ്ങളില്‍ കംബോഡിയ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് വിവരം. മറുപടിയായി തായ് എഫ്-16 യുദ്ധവിമാനം കംബോഡിയയില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പിന്നാലെ, അതിർത്തി പ്രവിശ്യകളായ സുരിൻ, ഒഡാർ മീഞ്ചെ എന്നിവയ്ക്ക് സമീപമുള്ള കേന്ദ്രങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടലുണ്ടായി. ആറ് അതിർത്തിപ്രദേശങ്ങളില്‍ സംഘർഷം തുടരുകയാണെന്ന് തായ് പ്രതിരോധ മന്ത്രാലയ വക്താവ് സുരസന്ത് കോങ്സിരി പറഞ്ഞു.
ബുധനാഴ്ച അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതാണ് സംഘർഷത്തിന് വഴിവെച്ചത്. താ മൗൻ തോം, താ മുൻ തോം ക്ഷേത്രങ്ങള്‍ക്കുചുറ്റും വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇതോടെ, തായ് ഗ്രാമവാസികള്‍ വീടുകളില്‍നിന്ന് പലായനം ചെയ്തു. സംഭവത്തെത്തുടർന്ന് കംബോഡിയൻ സ്ഥാനപതിയെ തായ്ലാൻഡ് പുറത്താക്കി. തങ്ങളുടെ സ്ഥാനപതിയെ പിൻവലിച്ചതിനൊപ്പം പൗരരോട് കംബോഡിയ വിടാൻ ആഹ്വാനംചെയ്തു. അതിർത്തികള്‍ അടച്ചു. നയതന്ത്ര ബന്ധങ്ങള്‍ ഒഴിവാക്കിയും ബാങ്കോക്കിലെ സ്ഥാനപതികാര്യാലയം ഒഴിപ്പിച്ചും കംബോഡിയ തിരിച്ചടിച്ചു.
817 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് തായ്ലാൻഡും കംബോഡിയയും തമ്മിലുള്ളത്. കംബോഡിയ ഫ്രാൻസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് അവരാണ് ഈ അതിർത്തി നിർണയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ഉണ്ടായിരുന്നെങ്കിലും താ മൗൻ തോം, താ മുൻ തോം എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയെ ചുറ്റിപ്പറ്റി പ്രശ്നങ്ങളുണ്ടായിരുന്നു.
തായ്ലാൻഡിലെ സംഘർഷ മേഖലയില്‍ നിന്ന് 1,30,000 സാധാരണക്കാരെ ഒഴിപ്പിച്ചതായാണ് വിവരം. കംബോഡിയയില്‍ സംഘർഷ മേഖലയില്‍ഷ 260 സ്കൂളുകളുണ്ടെന്നാണ് റിപ്പോർട്ട്. പീരങ്കികളും കാലാള്‍പ്പടയേയുമടക്കം മുൻനിർത്തിയാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നതെന്ന് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു.