കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ ഇതുവരെയും കണ്ടെത്താനായില്ല. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളെത്തിയ കാറിൽ നിന്നും പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.
തന്‍റെ ബന്ധുവിന്റെ കാറുമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. പൊലീസ് ചുരത്തിൽ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് മുന്നിലെത്തിയത്. പൊലീസിനെ കണ്ട് കാറിലെത്തിയ യുവാവ് വാഹനം നിർത്തി താഴേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.