ഡൊറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. 30ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ശ്രാവണ മാസം ആയതു കൊണ്ട് ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കുമുണ്ടായത്. ഒരാള്‍ക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയില്‍ താഴെ വീണ് പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ദുരന്ത നിവാരണ സേനയും ലോക്കല്‍ പോലീസും രക്ഷാപ്രവർത്തനങ്ങളില്‍ സജീവമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. പൊലീസ് സേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതില്‍ ആറ് പേരുടെ മരണം സ്ഥിരീകരിച്ചെന്ന് ഹരിദ്വാർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് പ്രമേന്ദ്ര സിങ് ദോബല്‍ പറഞ്ഞു. പരിക്കേറ്റ ഭക്തരെ ആംബുലൻസുകളില്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. എല്ലാ ഭക്തരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ദേവിയോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.