ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ , ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡയറക്ടറും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും ഡി.എം.ഇ. ആർ. എഫ് മാനേജിംഗ്ട്ര സ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേർണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ എന്നിവർ കൊച്ചിയിൽ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുന്നു.
5 എംബിബിഎസ്, 10 ബിഎസ്സി. നഴ്സിംഗ്, 10 ബി.ഫാം വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേർക്ക് 100% ട്യൂഷൻ ഫീ ഇളവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്ടിലുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ വാർഷിക സ്‌കോളർഷിപ്പ് നൽകുന്നത്.
അടുത്ത 5 വർഷത്തിനുള്ളിൽ 125 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ പ്രതിവർഷം 3 കോടി രൂപ നീക്കിവെക്കും.
കൊച്ചി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, അക്കാദമിക മികവ് പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാർത്ഥ്യമാക്കുന്നതിനായി ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ആഗോളതലത്തിൽ അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഡോ. മൂപ്പൻസ് ലെഗസി സ്‌കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം എന്ന പേരിൽ ഒരു വാർഷിക സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. കഴിവുള്ള, അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള മെഡിസിൻ പഠനത്തിനുള്ള അവസരം തുറന്ന് നൽകുന്നതിൽ ഈ നീക്കം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.
എംബിബിഎസ്, ബിഎസ്സി. നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും 5 എംബിബിഎസ്, 10 നഴ്‌സിംഗ്, 10 ബി.ഫാം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. എംബിബിഎസ് സ്‌കോളർഷിപ്പുകൾക്കുള്ള തിരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡുകളും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമുള്ള വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുക. നീറ്റിൽ ഉയർന്ന റാങ്കുള്ള വിദ്യാർത്ഥികൾക്ക് പൊതുവെ പ്രവേശനത്തിൽ മുൻഗണന ലഭിക്കാറുണ്ടെങ്കിലും, അവർക്ക് കൂടുതൽ പിന്തുണയും പരിഗണനയും നൽകാനാണ് ഈ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ബിഎസ്സി. നഴ്സിംഗ്, ബി.ഫാം സ്ഥാനാർത്ഥികളെ അക്കാദമിക് മെറിറ്റിന് പുറമെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താകും സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുക. പഠനകാലയളവിൽ ഉടനീളം അക്കാദമിക മികവ് പുലർത്തുകയും സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പിന്തുടരുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ട്യൂഷൻ ഫീസിൽ നൂറുശതമാനം ഇളവ് ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സ്‌കോളർഷിപ്പ് നൽകുന്നതിനായി പ്രതിവർഷം 3 കോടിയിലധികം രൂപയാണ് മൂപ്പൻസ് ലെഗസി നീക്കിവെയ്ക്കുന്നത്.
നീതിയുക്തവും എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടർമാരോ നഴ്സുമാരോ ഫാർമസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന എണ്ണമറ്റ വിദ്യാർത്ഥികളുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ നിലനിൽപ്പിന് വളരെ പ്രധാനപ്പെട്ട ആരോഗ്യരംഗത്ത് തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് ദൗർഭാഗ്യകരമാണ്. പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും മെഡിസിൻ പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ആഗ്രഹത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് ഈ സ്‌കോളർഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഡോ. മൂപ്പൻസ് ലെഗസി സ്‌കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാമിലൂടെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനം കൂടിയാണ് ലക്ഷ്യമിടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ചികിത്സയും പരിചരണവും നൽകാൻ പുതുതലമുറ ഡോക്ടർമാരെയും നേഴ്‌സുമാരെയും ഫാർമസിസ്റ്റുകളെയും സൃഷ്ടിച്ചെടുക്കുക എന്ന വലിയ ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.
നിർധനർക്കും ഉൾനാടൻ/ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ഡോ. ആസാദ് മൂപ്പന്റെ ജീവിതലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ സ്‌കോളർഷിപ്പ് പദ്ധതിയും. 2012-ൽ സ്ഥാപിതമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ്. ഈ മേഖലയിൽ ഉന്നത ഗുണനിലവാരമുള്ള ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം ആദിവാസി യുവാക്കൾ ഉൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ മെഡിസിൻ രംഗത്ത് തൊഴിൽ നേടാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു അതിന്റെ ദൗത്യം. ഡോ. മൂപ്പൻസ് ലെഗസി സ്‌കോളർഷിപ്പ് & ഫെലോഷിപ്പ്‌സ് പ്രോഗ്രാം ആ ദൗത്യത്തെ കുറച്ചുകൂടി വിശാലമാക്കുകയാണ്.
6 ബാച്ചുകളിലായി 900-ത്തോളം യുവ ഡോക്ടർമാരെ വളർത്തിയെടുത്ത ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഇന്ത്യയിൽ സ്ഥിരതയാർന്ന മികവും മിടുക്കും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബായി മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ അധ്യാപകർ, ഉയർന്ന നിലവാരമുള്ള ലൈബ്രറി, മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.
സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ 2025 ജൂലൈ 28 മുതൽ സ്വീകരിച്ചുതുടങ്ങും. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനും www.dmscholarship.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേർണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ കൊച്ചിയിൽ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ചു.