ചങ്ങനാശേരിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി മരിച്ചത് ചെത്തിപ്പുഴ സ്വദേശി. ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പറമ്പിൽ ടോണി തോമസാണ് (56) ബസ് സ്റ്റാൻഡിനു മുന്നിലുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. ബസിൽ നിന്നും ഇറങ്ങുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും ഇദ്ദേഹം താൻ സഞ്ചരിച്ച അതേ ബസിന്റെ തന്നെ അടിയിലേയ്ക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽ മരിച്ച ടോണിയുടെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ടോണി സ്റ്റാൻഡിൽ എത്തിയത്. ഈ സമയം സ്റ്റാൻഡിൽ നല്ല തിരക്കുണ്ടായിരുന്നു. ബസിന്റെ വേഗം കുറഞ്ഞപ്പോൾ ടോണി ബസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പൊലീസിനു മൊഴി നൽകി. ഇത്തരത്തിൽ പുറത്തേയ്ക്കിറങ്ങുന്നതിനിടെ മറ്റൊരു ബസ് പിന്നാലെ എത്തുന്നത് കണ്ട് ടോണി പിന്നിലേയ്ക്കു മാറുകയായിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇദ്ദേഹം ബസിനടിയിലേയ്ക്കു വീണു. തുടർന്നാണ് മരണം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായ ബാഗ് ബസിന്റെ വാതിലിൽ ഉടക്കിയാണ് റോഡിലേയ്ക്കു വീണതെന്നും മരണം സംഭവിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാൽ, തിരക്കിനിടെയുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് യാത്രക്കാരുടെ മൊഴിയിൽ നിന്നും വ്യക്തമായിരിക്കുന്നത്.