കോഴിക്കോട്: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.
വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചതിൽ കാന്തപുരത്തിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. ഇന്നലെയാണു നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. അതേസമയം, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്’ എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചെന്നായിരുന്നു ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരത്തിന്‍റെ ഓഫീഷ്യൽ പേജിൽ നിന്നും പിൻവലിച്ചത്.
അതേസമയം വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകൻ സാമുവൽ ജെറോം വ്യക്തമാക്കി. എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്.