ടാറ്റ കൺസൾട്ടൻസിലെ കൂട്ടപ്പിരിച്ചു വിടൽ ; നടപടി നിയമവിരുദ്ധം; പ്രതിഷേധം ശക്തം

ബെംഗളൂരു : ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം. 12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം, ജീവനക്കാരോട് നിർബന്ധിതമായി പിരിഞ്ഞ് പോകാനാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്‍റിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

Advertisements

ഇക്കഴിഞ്ഞ ദിവസമാണ് ആഗോള തലത്തിൽ ജീവനക്കാരെ 2% കുറയ്ക്കാൻ തീരുമാനിക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചത്. ടിസിഎസ്സിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് ആക്ട് പ്രകാരം, 100-ൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾക്ക് പിരിച്ചുവിടലുകൾ നടത്തുന്നതിന് മുമ്പ് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത്തരം നടപടികൾ വ്യക്തമായി നിർവചിക്കപ്പെട്ട കാരണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ മാത്രമേ അനുവദനീയമാകൂ. ടിസിഎസ് മാനേജ്‌മെന്റ് ഈ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഐടി ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും, ബാധിക്കപ്പെട്ട ജീവനക്കാർക്ക് നീതി ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയാണ് ടിസിഎസ്.  ഈ വർഷം തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം കമ്പനി 12,261 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് വിലയിരുത്തൽ. 2025 ജൂൺ 30 ലെ കണക്കനുസരിച്ച്, ടിസിഎസ് 6,13,069 പേരെയാണ് ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. 

ഏപ്രിൽ-ജൂൺ പാദത്തിൽ 5,000 പുതിയ ജീവനക്കാരെ എടുത്തിട്ടുണ്ട്. സാങ്കേതിക നിക്ഷേപങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണി വളർച്ച, തൊഴിൽ ശക്തി പുനഃസംഘടന എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങൾ നൽകുമെന്നും ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങൾ, കൗൺസിലിംഗ് എന്നിവ ആവശ്യമെങ്കിൽ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles