സാന്റിയാഗോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യ, ജപ്പാൻ, ഹവായ് ദ്വീപ് തീരങ്ങളിലും അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും ശക്തമായ സുനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. നിലവിൽ ഇവിടെ സുനാമി മുന്നറിയിപ്പില്ല.
എന്നാൽ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ജൂലൈ 30-ന് റഷ്യയിലെ കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയ 8.8 തീവ്രതയുള്ള ഭൂകമ്പം പസഫിക് മേഖലയെയാകെ പ്രകമ്പനംകൊള്ളിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്രോ പാവ്ലോസ്–കംചാറ്റ്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ, പസിഫിക് സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനം 3 മിനിറ്റോളം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. റഷ്യയിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
റഷ്യ മുതൽ ജപ്പാൻ വരെ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. റഷ്യയിലെ കുറിൽ ദ്വീപുകളിലും ജപ്പാന്റെ തീരങ്ങളിലും സുനാമി തിരമാലകളായി ആഞ്ഞടിച്ചിരുന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, അലാസ്ക, ഹവായ്, കാലിഫോർണിയ, ന്യൂസിലാൻഡ് തുടങ്ങിയ വിദൂര തീരങ്ങളിലേക്കും സുനാമി മുന്നറിയിപ്പുകൾ നീണ്ടിരുന്നു.