മെയ് 17 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സച്ച് ക്യാബ്സിന്റെ കോട്ടയം നാഗമ്പടത്തെ ബ്രാഞ്ചിൽ നിന്നാണ് ആലപ്പുഴ കാർത്തികപ്പള്ളി ചെരുവേലിൽ കിഴക്കേതിൽ വീട്ടിൽ ശിവാനന്ദൻ (26) സ്വിഫ്റ്റ് കാർ റെന്റിന് എടുക്കുന്നത്. പത്ത് ദിവസത്തെ വാടകയ്ക്കായി മെയ് 22 ന് വാഹനം ശിവാനന്ദന് വിട്ടു നൽകുകയും ചെയ്തു. എന്നാൽ, പറഞ്ഞ തീയതി കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിക്കാതെ വന്നതോടെ സച്ച് ക്യാബ്സ് അധികൃതർ വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ചു.
ഈ വാഹനത്തിന്റെ ജിപിഎസ് മെയ് 23 ന് വാഹനത്തിൽ നിന്നും വിച്ഛേദിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തൃശൂർ മതിലകം പുന്നക്കര ബസാറിൽ ഷാസ് കാർ ആക്സസറീസിൽ എത്തിച്ച് ഈ കാറിന്റെ ജിപിഎസ് അഴിച്ചു മാറ്റിയതായി കണ്ടെത്തി. തുടർന്ന്, നടത്തിയ പരിശോധനയിലാണ് ശിവാനന്ദൻ വാഹനം പണയം വച്ചതായി തിരിച്ചറിഞ്ഞത്. ശിവാനന്ദൻ എടുത്ത വാഹനം തൃശൂർ ചാമക്കാല ചെന്ത്രാപ്പള്ളി കോലത്തുംപറമ്പിൽ വീട്ടിൽ കെ.എസ് മുഹമ്മദ് ഫൈസലിനാണ് പണയം വച്ചത് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്ന് സച്ച് ക്യാബ്സ് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്ത്രാപ്പള്ളി സ്വദേശി ഷംനാദിന്റെ കാർ ആക്സസറീസ് കടയിൽ എത്തിച്ചാണ് വാഹനത്തിന്റെ ജിപിഎസ് അഴിച്ചു മാറ്റിയതെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ വാഹനത്തിന്റെ ജിപിഎസ് അഴിച്ചു മാറ്റുകയും, റെന്റ് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന കറുത്ത നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു വാഹനത്തിന്റെ വെള്ള നമ്പർ പ്ലേറ്റ് വയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ജിപിഎസ് അഴിച്ചു മാറ്റി വെള്ള നമ്പർ പ്ലേറ്റ് വച്ചാണ് വാഹനം പണയം വച്ചിരിക്കുന്നത്.
ഇതേ തുടർന്ന് സച്ച് ക്യാബ്സ് അധികൃതർ വാഹനം വാടകയ്ക്ക് എടുത്ത ശിവാനന്ദനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് പല തവണ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പല തവണ ശിവാനന്ദനെയും, മറ്റുള്ളവരെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇതുവരെയും വാഹനം തിരികെ ലഭിച്ചില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനും സച്ച് ക്യാബ്സ് അധികൃതർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ ജില്ലാ പൊലീസ് ആരംഭിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.