കോട്ടയം : ബ്രാൻഡഡ് ഉൽപ്പന്നങ്ങളോട് മത്സരിക്കാൻ തക്ക ഗുണനിലവാരമുള്ളവയായി ഖാദി ഉൽപ്പന്നങ്ങൾ മാറിയെന്ന് സഹകരണം -ദേവസ്വം -തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖാദിയേക്കുറിച്ചുള്ള പഴയ സങ്കൽപ്പങ്ങൾ ആകെ മാറി. ഓണമെത്തി എന്ന സന്ദേശം ആദ്യം എത്തിക്കുന്നത് ഖാദിമേളകളാണെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.




ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും ഖാദി ഉൽപ്പന്നങ്ങളുടെ ആദ്യവിൽപ്പന നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിർവഹിച്ചു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജൻ തൊടുക, പ്രൊജക്ട് ഓഫീസർ ജസ്സി ജോൺ,സംഘടന പ്രതിനിധികളായ സതീഷ് ജോർജ് വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ നാലുവരെയാണ് മേള നടക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന മേളകളിൽ ജില്ലയിലെ തനതായ ഉൽപന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഉണ്ട്. ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ കൂടാതെ ഗ്രാമ വ്യവസായ ഉല്പന്നങ്ങളായ നാടൻ പഞ്ഞിമെത്തകൾ, തേൻ, ചക്കിലാട്ടിയ എളെളണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവ മേളകളിൽ ലഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് / ഡിസ്‌കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനകൂപ്പണുകളും ഉണ്ട്.
സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
കോട്ടയം സി.എസ്.ഐ. കോപ്ലക്സ്, ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻസ് ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം എസ്.ബി.ഐ. ബിൽഡിംഗ്, ഉദയനാപുരം വില്ലേജ് ഓഫീസിനു സമീപം, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് ഓണം ഖാദി മേള നടക്കുന്നത്.