ലണ്ടൻ: ഓവലിൽ അവസാന ഇന്നിംങ്സിൽ റെക്കോർഡ് റൺമല കടക്കാൻ ഇംഗ്ലണ്ട്. രണ്ടാം ഇന്നിംങ്സിൽ ഇന്ത്യ ഉയർത്തിയ 373 റണ്ണിന്റെ ലീഡ് മറികടക്കാൻ രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന്റെ ബാസ് ബോളിന് കഴിയുമോ എന്നാണ് ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ് വോക്സ് ഇല്ലാതെ 10 പേരുമായി വേണം ഇംഗ്ലണ്ടിന് ബാറ്റിംങിന് ഇറങ്ങാൻ. സ്കോർ: ഇന്ത്യ – 224, 396. ഇംഗ്ലണ്ട് – 247.
23 വയസിൽ ആറു സെഞ്ച്വറി;
ഇംഗ്ലണ്ടിൽ ഇടിമിന്നലായി ജയ്സ്വാൾ
23 ആം വയസിൽ ആറാം സെഞ്ച്വറി സ്വന്തമാക്കിയ ജയ്സ്വാളിന്റെ മികവിലാണ് ടീം ഇന്ത്യ മൂന്നാം ദിനം തകർപ്പൻ സ്കോർ സ്വന്തമാക്കിയത്. ആകാശ് ദീപുമൊത്ത് മൂന്നാം വിക്കറ്റിൽ 107 റണ്ണിന്റെ കൂട്ടുകെട്ടാണ് ജയ്സ്വാൾ സ്വന്തമാക്കിയത്. 164 പന്തിൽ 14 ഫോറും, രണ്ടു സിക്സറുമായി 118 റൺ നേടിയ ജയ്സ്വാളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംങ്സിൽ നെടുന്തൂണായി മാറിയത്. 94 പന്തിൽ 12 ഫോറുമായി 66 റൺ നേടിയ ആകാശ് ദീപ് തന്റെ കന്നി ടെസ്റ്റ് അരസെഞ്ച്വറിയാണ് സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആകാശ് ദീപ് പുറത്തായ ശേഷം എത്തിയ ഗില്ലും (11), കരുൺ നായരും (17) കാര്യമായ സംഭാവന നൽകാതെ പുറത്തായി. പിന്നാലെ ജയ്സ്വാൾ കൂടി വീണതോടെ ഇതോടെ ഇന്ത്യയെ അതിവേഗം ചുരുട്ടിക്കെട്ടാമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ, ജഡേജയും (53), ധ്രുവ് ജുവറലും (34) നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ 357 ൽ എത്തിച്ചു. രണ്ടു പേരും അടുത്തടുത്ത സ്കോറുകളിൽ വീണതോടെ അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ബാറ്റിംങിന് ഇറങ്ങുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഒരു വശത്ത് പ്രതീഷ് കൃഷ്ണയെ (0) സാക്ഷി നിർത്തിയ വാഷിംങ്ടൺ സുന്ദർ (53) നടത്തിയ വെടിക്കെട്ട് ഇന്ത്യയെ സേഫായ സ്കോറിൽ എത്തിച്ചു. റണ്ണെടുക്കാതെ സിറാജ് പുറത്തായ ശേഷം അവസാന വിക്കറ്റിൽ 39 റണ്ണാണ്് വാഷിംങ്ടൺ അടിച്ചെടുത്തത്. നാലു സിക്സറുകളാണ് ഇതിനായി വാഷിംങ്ടൺ അടിച്ചു പറത്തിയത്. ജോഷ് ടങ് ഇംഗ്ലണ്ടിനായി അഞ്ചു വിക്കറ്റ് വീഴ്ത്തി. അറ്റ്കിൻസൺ മൂന്നും, ജെയിംസ്് ഓവർടൺ രണ്ടും വിക്കറ്റ് വീഴ്ത്തി.