ദില്ലി; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനം. വ്യാപാര കരാറിൽ ഇന്ത്യ സംയമനം പാലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇളവ് നൽകാവുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കൂട്ടും. അതേസമയം കാർഷിക ഉത്പന്നങ്ങളിൽ കടുത്ത നിലപാട് തുടരും.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ അമേരിക്കയും 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കുമെന്നാണ് ആദ്യ ഘട്ടത്തിലുണ്ടായ ധാരണ. പക്ഷേ പിന്നീട് അമേരിക്ക സമ്മർദം ശക്തമാക്കി. ഇതോടെ 60 ശതമാനം ഉത്പന്നങ്ങളെ വ്യാപാര കരാറിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. പക്ഷേ ഇതിലും കൂടുതൽ ഉത്പന്നങ്ങൾ വേണമെന്നാണ് അമേരിക്കയുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട എന്നതാണ് സർക്കാർ സ്വീകരിച്ച നിലപാട്. മെയ്ക്ക് ഇൻ ഇന്ത്യ എന്ന നിലപാടുമായി രാജ്യം മുന്നോട്ടുപോകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യ താൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. എന്നാൽ ട്രംപുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ട എന്ന നിലപാടിലാണ് സർക്കാർ. ഇതു സംബന്ധിച്ച നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്രം നൽകി.
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന വിലയിരുത്തലുകൾ വന്നിരുന്നു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും. മേഖലയിലെ പല രാജ്യങ്ങൾക്കും ട്രംപ് പ്രഖ്യാപിച്ച തീരുവയെക്കാൾ കൂടുതലാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്.