ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.
ഒന്നര മാസത്തോളമായി വെൻ്റിലേറ്ററിൻ്റെ പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ മകൻ ആശുപത്രിയിൽ ഷിബു സോറനെ സന്ദർശിച്ചിരുന്നു. പിതാവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറൻ. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാർലമെൻ്റിലെത്തി. കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കർഷകൻ്റെ അവകാശങ്ങൾക്കായി പോരാടിയായിരുന്നു അത്. 1972ൽ ജാർഖണ്ഡ് മുക്തി മോർച്ച എന്ന സംഘടനയുണ്ടാക്കി. 38 വർഷക്കാലം സംഘടനയെ നയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മകൻ ചുമതല ഏറ്റെടുത്തത്. നിലവിൽ രാജ്യസഭാംഗമാണ്.