ലണ്ടൻ: ഓവലിൽ ഇംഗ്ലീഷ് പരീക്ഷ വിജയിച്ച് ടീം ഇന്ത്യ. അഞ്ചു വിക്കറ്റുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് കളം നിറഞ്ഞതോടെയാണ് ഇന്ത്യ ഉജ്വലമായ വിജയത്തോടെ പരമ്പരയിൽ സമനില പിടിച്ചത്. പരിക്കേറ്റിട്ടും ബാറ്റിംങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് ഒരു പന്ത് പോലും നേരിടാതെ തോൽവിയ്ക്ക് മൂക സാക്ഷിയായി. ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായി മാറിയ സിറാജ് ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റായ അറ്കിൻസണിനെ ക്ലീൻ ബൗൾഡ് ചെയ്താണ് ഇന്ത്യയ്ക്ക് വിജയവും പരമ്പരയിൽ സമനിലയും സമ്മാനിച്ചത്. 30.1 ഓവറിൽ 104 റൺ വഴങ്ങിയ സിറാജ് അഞ്ച് വിക്കറ്റ് പിഴുതു. രണ്ട് ഇന്നിംങ്‌സിലുമായി സിറാജ് ഒൻപത് വിക്കറ്റാണ് പിഴുതത്. പ്രതീക്ഷ നാലും, ആകാശ് ദീപ് ഒരു വിക്കറ്റും പിഴുതു.






സ്‌കോർ: ഇന്ത്യ : 224, 396. ഇംഗ്ലണ്ട്: 247. 367.
339 ന് ആറ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംങ് അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ആദ്യം മുതൽ നേരിടേണ്ടി വന്നത് ഇന്ത്യയുടെ തീ പാറുന്ന പേസിനെയായിരുന്നു. എട്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും അവസാന പ്രതീക്ഷയായിരുന്ന ജാമിയൻ സ്മിത്തിനെ ജുവറലിന്റെ കയ്യിൽ എത്തിച്ച് സിറാജ് ആഞ്ഞടിച്ചു. രണ്ട് റൺ മാത്രമെടുത്ത് ക്രീസിൽ നിന്നിരുന്ന ജാമിയൻ സ്മിത്തിന് സിറാജിന്റെ പന്തിന്റെ സ്വിംങ് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തട്ടിയും മുട്ടിയും നിന്ന ജെയിംസ് ഓവർണ്ണായിരുന്നു അടുത്ത ഇര. സിറാജിന്റെ പന്തിൽ വിക്കറ്റിന മുന്നിൽ കുടുങ്ങി ഓവർടൺ. റിവ്യു കൊടുത്തെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒൻപത് റൺ മാത്രമാണ് ഓവർടൺ നേടിയത്. 12 പന്ത് നേരിട്ട് പ്രതിരോധിച്ച് നിന്ന ജോഷ് ടങ്ങിനെ റണ്ണെടുക്കും മുൻപ് ക്ലീൻ ബൗൾഡ് ചെയ്ത പ്രതീഷ് കൃഷ്ണ ഇന്ത്യയ്ക്ക് വിജയത്തിലേയ്ക്ക് വഴി വെട്ടി. ഇതോടെ പരിക്കേറ്റ കയ്യുമായി ക്രിസ് വോക്‌സിന് കളത്തിലിറങ്ങേണ്ടി വന്നു. ഒരു കയ്യിൽ ബാൻഡേജ് കട്ടി വച്ച് കളത്തിലിറങ്ങിയ വോക്‌സിനെ ഒരു വശത്ത് നിർത്തി അറ്കിൻസൺ ആഞ്ഞടിക്കുകയായിരുന്നു. പരിക്കേറ്റ വോക്‌സിനെ ബാറ്റിംങിന് ഇറക്കാതിരിക്കാൻ ആറ്കിൻസൺ ഒരൊറ്റ വിക്കറ്റ് മാത്രം ബാക്കി നിൽക്കെ റിസ്‌ക് എടുത്തു. സിറാജിന്റെ ഓവറിലെ അവസാന പന്ത് ജുവറലിന്റെ കയ്യിൽ എത്തിയെങ്കിലും ഒരു റൺ ഓടിക്കയറുകയായിരുന്നു വോക്‌സ്. പിന്നാലെ എല്ലാ ഓവറിലെ അവസാന പന്തിലും അറ്റ്കിൻസൺ റണ്ണെടുത്ത് സ്‌ട്രൈക്ക് കൈവശം വച്ചെങ്കിലും 85 ആം ഓവറിന്റെ ആദ്യ പന്തിൽ ആറ്റ്കിൻസണിന്റെ വിക്കറ്റ് പിഴുത് സിറാജ് കളി ഇന്ത്യയിലേയ്ക്ക് എത്തിച്ചു.