കോഴിക്കോട്: കോഴിക്കോട് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ആണ് സംഭവം. വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു. ഇയാളെയും കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രണ്ടു സഹോദരിമാരും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുവർഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയാണെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ തറവാട് വീട് മൂഴിക്കലിലാണ്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് സഹോദരൻ പ്രമോദി വിളിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ബന്ധു, വീട്ടിൽ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദിനെ കണ്ടെത്താനുമായില്ല. മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പ്രമോദിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചു നോക്കിയപ്പോൾ അവസാനമായി ഫറോക്കിലാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
