കൊല്ലം: കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ വീടൊരുങ്ങുന്നു. മൂന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം അനാസ്ഥ കാരണമുണ്ടായ മരണത്തിന് വകുപ്പ് തല നടപടികൾ കൈക്കൊണ്ടെങ്കിലും പ്രതികൾക്കെതിരായ പൊലീസ് അന്വേഷണം ഇഴയുകയാണ്.

ഒരിക്കലും ഉണങ്ങാത്ത മുറിവാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ മിഥുൻ്റെ മരണം. സ്കൂളിനുള്ളിൽ വെച്ച് വെദ്യുതാഘാതമേറ്റ് പൊലിഞ്ഞ എട്ടാം ക്ലാസുകാരൻ. ക്ഷയിച്ച് വീണിരുന്ന ഒരു കൂരയിൽ ഇരുന്നാണ് അവനും വലിയ സ്വപ്നങ്ങൾ കണ്ടത്. നല്ലൊരു വീട്ടിൽ കിടക്കണമെന്ന മിഥുൻ്റെ ആഗ്രഹം നടന്നില്ല. ഇന്നിതാ, മരണ ശേഷം അവൻ്റ പേരിൽ വിളന്തറയിൽ ഒരു വീട് ഒരുങ്ങുന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാഭ്യാസ വകുപ്പിൻ്റെ ധനസഹായവും ചടങ്ങിൽ കൈമാറി. നീറുന്ന മനസുമായി എല്ലാം കണ്ട് എല്ലാം ഏറ്റുവാങ്ങി മിഥുൻ്റെ കുടുംബവും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളിൽ അപകടകരമായ രീതിയിൽ നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം.

എച്ച്.എമ്മിനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെൻ്റിനെ പിരിച്ചു വിട്ടു. തേവലക്കര സെക്ഷനിലെ ഓവർസിയറെ കെഎസ്ഇബിയും സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ അധികൃതർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, പഞ്ചായത്ത് എ. ഇ എന്നിവരെ പ്രതികളാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തു. അനാസ്ഥ കാരണം ഉള്ള മരണമാണ് വകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ചിലർക്ക് നോട്ടീസ് നൽകി. അന്വേഷണം അവിടെ നിൽക്കുകയാണ്.
