പരാതി ചോര്‍ച്ചാ വിവാദം: പരാതിയില്‍ കഴമ്പില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധം; എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും പരാതിയില്‍ കഴമ്പില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എം വി ഗോവിന്ദന്‍.

Advertisements

വ്യവസായിയും സിപിഐഎമ്മിന്‍റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022ലായിരുന്നു ഷര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷര്‍ഷാദിന്റെ കത്ത്. എന്നാല്‍ ഈ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന ആരോപണവുമായി ഷര്‍ഷാദ് രംഗത്തെത്തിയിരുന്നു. 

എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാള്‍ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടി സ്ഥാനത്തെത്തിയ ശേഷം എം വി ഗോവിന്ദനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും പാര്‍ട്ടി കരുതുന്നു. ഇന്ന് ചേരുന്ന പൊളിറ്റ് ബ്യൂറോയില്‍ വിഷയം കാര്യമായി ചര്‍ച്ചയാകില്ലെന്നാണ് വിവരം.

Hot Topics

Related Articles