ന്യൂഡൽഹി :വോട്ടുകൊള്ളാരോപണത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാനുള്ള നീക്കവുമായി പ്രതിപക്ഷം രംഗത്തിറങ്ങി.
‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിലാണ് ഈ നീക്കമെന്നു റിപ്പോർട്ടുകൾ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ വ്യാജമായ കൂട്ടിച്ചേർക്കലുകൾ നടന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയിരുന്നു. അതിനോട് മറുപടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മാധ്യമങ്ങളെ നേരിട്ട്, രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണെന്ന് ഉറപ്പുനൽകിയിരുന്നു. കമ്മിഷന്റെ തോളിൽ തോക്ക് വെച്ച് വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്ട്രീയ കളി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടുകൊള്ളാരോപണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നൽകണമെന്നോ അല്ലെങ്കിൽ മാപ്പ് പറയണമെന്നോ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയത്.ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് നോട്ടിസ് നൽകാനുള്ള കാര്യത്തിൽ ‘ഇന്ത്യ’ മുന്നണി ചർച്ച നടത്തിയത്. ആദ്യം ഒപ്പുശേഖരണമാണ് നടപടിക്രമത്തിലെ പ്രധാന ഘട്ടം. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനാവൂ. എങ്കിലും വിഷയത്തിൽ വിശദമായ ചർച്ച നടത്താൻ പ്രതിപക്ഷത്തിന് പാർലമെന്റിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ സമ്മേളനത്തിനുള്ളിൽ തന്നെ ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവദിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. നോട്ടിസ് സ്വീകരിക്കേണ്ട കാര്യത്തിൽ അന്തിമ തീരുമാനം സ്പീക്കറുടേതായിരിക്കും.