മധ്യപൂർവേഷ്യയിൽ സമാധാനം പൂക്കുമോ ? ഗാസയിൽ വെടിനിർത്തൽ ; ഭേദഗതികൾ ഇല്ലാതെ ഹമാസ് ധാരണ അംഗീകരിച്ചു

ജറുസലേം: ഗാസയിലെ യുദ്ധം രൂക്ഷമായിരിക്കെ ഹമാസ് വെടിനിർത്തലിനുള്ള പുതിയ കരാർ, ഭേദഗതികളില്ലാതെ അംഗീകരിച്ചതായി റിപ്പോർട്ട്.പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന.

Advertisements

മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച പുതിയനിർദേശം അംഗീകരിച്ചതായി ഹമാസ് തിങ്കളാഴ്ച അറിയിച്ചു. 60 ദിവസ വെടിനിർത്തലിനും ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ രണ്ടുതവണയായി മോചിപ്പിക്കുന്നതിനുമുള്ള നിർദേശവുമാണിതെന്ന് എഎഫ്പി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചതായാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കാര്യത്തില്‍ പക്ഷേ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഹമാസ് ആയുധങ്ങള്‍വെച്ച്‌ കീഴടങ്ങണമെന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്‌, 2023 ഒക്ടോബറിലെ ആക്രമണത്തില്‍ പിടിക്കപ്പെട്ട 251 ബന്ദികളില്‍ 49 പേർ ഇപ്പോഴും ഗാസയിലാണ്, അതില്‍ 27 പേർ മരിച്ചതായാണ് സൈന്യം പറയുന്നത്.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് വഴിവെച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,219 പേർ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 62,004-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Hot Topics

Related Articles