ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന കാരണം പറഞ്ഞ് ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ വിമർശിച്ച് ചൈന.ഇന്ത്യയ്ക്കു മേല്‍ അധികതീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന എതിർക്കുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് പറഞ്ഞു.
യുഎസിനെ മുട്ടാളൻമാരെന്നു വിളിച്ച ചൈനീസ് അംബാസഡർ, ഇത്രയും കാലം സ്വതന്ത്ര വ്യാപാരത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ അവർ ഇപ്പോള്‍ വിലപേശലിനായി തീരുവകളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. മൗനം പാലിക്കുന്നത് ഇത്തരം മുട്ടാളൻമാർക്ക് വീണ്ടും ധൈര്യംകൊടുക്കുന്നപോലെയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കൊപ്പം ചൈന ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കായി ചൈനീസ് വിപണി തുറന്നുകൊടുക്കുന്നതിനേക്കുറിച്ച് സംസാരിച്ച സു ഫെയ്ഹോങ്, വിപണികളിലൂടെ പരസ്പരം സാധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും വളരെയധികം പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ”കൂടുതല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ ചൈനീസ് വിപണിയിലേക്കെത്തുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഐടി, സോഫ്റ്റ്വെയർ, ബയോമെഡിസിൻ എന്നിവയില്‍ ഇന്ത്യയ്ക്ക് അല്പം മുൻതൂക്കമുണ്ട്. അതേസമയം, ഇലക്ട്രോണിക് വസ്തുക്കളുടെ നിർമാണം, അടിസ്ഥാന സൗകര്യ നിർമാണം, ഊർജ മേഖലകളില്‍ ചൈനയില്‍ ദ്രുതഗതിയിലുള്ള വികാസം കാണാൻ കഴിയും”, അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബിസിനസുകാർ ചൈനയില്‍ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. അതേസമയം, ഇന്ത്യയില്‍ ചൈനീസ് ബിസിനസുകള്‍ക്ക് ന്യായമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”കൂടുതല്‍ ഇന്ത്യൻ സംരഭങ്ങള്‍ ചൈനയില്‍ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. അതുപോലെ, ഇന്ത്യയിലെ ചൈനീസ് സംരംഭങ്ങള്‍ക്ക് ന്യായവും നീതിയുക്തവും വിവേചനരഹിതവുമായ ഒരു ബിസിനസ് അന്തരീക്ഷം നല്കാൻ ഇന്ത്യക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനും സഹായിക്കും”, അദ്ദേഹം വ്യക്തമാക്കി.