എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ്; മകനെ കൊന്ന ശേഷം ഇന്ത്യയിലേയ്ക്ക് കടന്ന യുവതി പിടിയിൽ

ന്യൂഡല്‍ഹി: എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി.ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്. 2022-ലാണ് ഇവരുടെ മകൻ നോയല്‍ റോഡ്രിഗസ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയില്‍നിന്ന് രക്ഷപ്പെടാൻ 2023 മാർച്ചില്‍ ഇവർ യുഎസില്‍നിന്ന് കടന്നുകളയുകയായിരുന്നു.

Advertisements

ഇന്ത്യൻ വംശജനായ ഭർത്താവ് അർഷ്ദീപ് സിങ്ങിനും ആറുമക്കള്‍ക്കുമൊപ്പം 2023 മാർച്ച്‌ 23-ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇവരെ അവസാനമായി കണ്ടത്. നോയലിനെ കാണാതായി വളരെക്കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരോട്, മെക്സിക്കോയില്‍ സ്വന്തം പിതാവിനൊപ്പമാണ് നോയലെന്ന് സിൻഡി കള്ളംപറയുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023 ഒക്ടോബർ 31-നാണ് സിൻഡിക്കുമേല്‍ കൊലക്കുറ്റം ആരോപിക്കപ്പെടുന്നത്. നോയലിനെ ഒരു ദോഷമായാണ് സിൻഡി കണക്കാക്കിയിരുന്നതെന്നും ഒരുപക്ഷേ അവനില്‍ ബാധ കൂടിയിരുന്നെന്ന് അവർ സംശയിച്ചിരുന്നതായും അന്വേഷണ ഏജൻസികള്‍ക്ക് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഇരട്ടക്കുട്ടികളെ നോയല്‍ അപകടപ്പെടുത്തുമെന്നും സിൻഡി ഭയന്നിരുന്നു. ഗുരുതര ശ്വാസകോശബാധിതനായ നോയലിന് ഓക്സിജൻ സപ്പോർട്ട് ആവശ്യമായിരുന്നു. എന്നിരുന്നിട്ടും സിൻഡി കുട്ടിയെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും കുടിവെള്ളം നിഷേധിക്കുകയും ചെയ്തിരുന്നു.

2024-ല്‍ സിൻഡിക്കെതിരേ ഇന്റർപോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ജൂലൈമാസത്തിലാണ് മോസ്റ്റ് വാണ്ടഡ് കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിലെ നാലാംപേരുകാരിയായിരുന്നു സിൻഡി. ഇന്ത്യൻ അധികൃതരുടെയും ഇന്റർപോളിന്റെയും കൂടി സഹായത്തോടെയാണ് സിൻഡിയെ അറസ്റ്റ് ചെയ്തത്. യുഎസിലേക്ക് കൊണ്ടുപോകുന്ന സിൻഡിയെ ശേഷം ടെക്സാസിലെ അധികൃതർക്ക് കൈമാറുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Hot Topics

Related Articles