തിരുവനന്തപുരം: അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂർ സോമനെ അനുസ്മരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന ഇടുക്കി, വയനാട് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സോമന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും പിന്നീട് മരണത്തിന് കീഴടങ്ങിയതും.
യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ‘ഞാനൊക്കെ മരിച്ചാലും ഇതൊന്നും നേരെയാവുമെന്ന് തോന്നുന്നില്ല’ എന്ന് വാഴൂർ സോമൻ പറഞ്ഞിരുന്നെന്നും അത് അറംപറ്റുന്നതു പോലെയായിപ്പോയെന്നും ടി. സിദ്ദിഖ് പറഞ്ഞു. കാമ്ബുള്ള സംസാരമായിരുന്നു അദ്ദേഹത്തിൻറേത്. വൈകാരികമായി അടുപ്പം കാണിക്കുകയും പെരുമാറുകയും ചെയ്യുന്ന നല്ലൊരു പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ സിദ്ദിഖ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ദിഖിന്റെ വാക്കുകള്‍
ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട റവന്യൂ വിഷയങ്ങള്‍ മുഴുവൻ വാഴൂർ സോമേട്ടൻ വളരെ ഗൗരവമായി യോഗത്തില്‍ സംസാരിച്ചു. ജാതിസർട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം, പട്ടയപ്രശ്നം, റവന്യൂ വിഷയം തുടങ്ങി വിവിധവിഷയങ്ങള്‍ അദ്ദേഹം സംസാരിച്ചു. സംസാരിച്ച് അവസാനിക്കാറായപ്പോള്‍ ഒരു വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു- ഞാനൊക്കെ മരിച്ചാലും ഇതൊന്നും നേരെയാവുമെന്ന് തോന്നുന്നില്ല. ആ വാക്ക് അറംപറ്റുന്നത് പോലെയായിപ്പോയി. ജില്ലാ കളക്ടർമാർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ അവിടെയുണ്ടായിരുന്നു. അവരൊക്കെ അദ്ദേഹം പറഞ്ഞ ആ വാക്കോർത്ത് വിഷമം പങ്കുവെക്കുകയാണ്.
എല്ലാവർക്കും സോമേട്ടൻ കൈ തന്നു. ഓരോരുത്തരുടെയും കൈപിടിച്ച് ആട്ടെ, കാണാം എന്നു പറഞ്ഞ് സോമേട്ടൻ പുറത്തേക്കിറങ്ങി. പുറത്തുവെച്ചാണ് സോമേട്ടൻ എന്നെ പിടിക്ക് എന്നുപറഞ്ഞത്. അപ്പോള്‍ത്തന്നെ ആളുകള്‍ അദ്ദേഹത്തെ പിടിക്കുകയും സമീപത്തെ ലൈബ്രറിഹാളിലെ ഡെസ്കില്‍ കിടത്തുകയും ചെയ്തു. ഞങ്ങളെല്ലാവരും ഓടിപ്പോയി അദ്ദേഹത്തിന് കുറച്ച് പഞ്ചസാര എടുത്തുകൊടുത്തു. ശ്വാസമയയ്ക്കാൻ അദ്ദേഹം പ്രയാസപ്പെടുന്നതുപോലെ തോന്നി. ആംബുലൻസ് വിളിക്കാനൊരുങ്ങി. ഇപ്പോള്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് റവന്യൂമന്ത്രി കെ. രാജനോടു പറഞ്ഞു. അപ്പോള്‍ മന്ത്രി പറഞ്ഞു, ആംബുലൻസ് വേണ്ട, ഇപ്പോള്‍ അങ്ങ് കൊണ്ടുപോകാമെന്ന്. ഞങ്ങളെല്ലാവരും കൂടി താങ്ങിയെടുത്ത് കാറിലാക്കി. നേരെ രാമകൃഷ്ണാശ്രമം ആശുപത്രിയിലെത്തിച്ചു. മരിക്കുമെന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചതല്ല. ഒരു നല്ല സഹൃദയനായ മനുഷ്യൻ.
എനിക്ക് മറ്റൊരു അനുഭവം കൂടിയുണ്ട്. പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ബോർഡ് അംഗമായിരുന്നു അദ്ദേഹം. എല്ലാ മീറ്റിങ്ങിനും അദ്ദേഹം വരും. ഒരു ഉത്തരവാദിത്വം ഏറ്റെടുത്താല്‍ നല്ലരീതിയില്‍ ചെയ്യും. ഇടുക്കിയില്‍നിന്ന് സഞ്ചരിച്ച് തലേന്ന്, അല്ലെങ്കില്‍ രാവിലെ യോഗത്തിന് എത്തും. മീറ്റിങ്ങില്‍ കൃത്യമായി പങ്കെടുത്ത് പോകുന്ന ആളായിരുന്നു. കാമ്ബുള്ള സംസാരമുള്ള, വൈകാരികമായി അടുപ്പം കാണിക്കുകയും പെരുമാറുകയും ചെയ്യുന്ന നല്ലൊരു പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വല്ലാത്ത വേദനയുണ്ട്.