തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് മോശമായ സന്ദേശങ്ങളയച്ചുവെന്നുകാട്ടി ക്രമസമാധാന വിഭാഗം എഐജി വി.ജി.വിനോദ്കുമാറിന്റെ പേരില്‍ രണ്ട് വനിതാ എസ്ഐമാർ നല്കിയ പരാതി എസ്പി മെറിൻ ജോസഫ് അന്വേഷിക്കും.ഡിഐജി അന്വേഷിച്ച പരാതിയാണ് ഇപ്പോള്‍ എസ്പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഡിഐജിക്ക് നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അന്വേഷണം പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ മെറിൻ ജോസഫിനെ ഏല്‍പ്പിച്ചതെന്നാണ് വിവരം.
പത്തനംതിട്ട എസ്പി ആയിരുന്ന കാലത്ത് വനിതാ എസ്ഐമാർക്ക് വി.ജി.വിനോദ്കുമാർ മോശം സന്ദേശങ്ങളയച്ചുവെന്നും ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചുവെന്നുമുള്ള വാർത്ത കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷണത്തിനായി എസ്പി മെറിൻ ജോസഫിനെ ചുമതലപ്പെടുത്തിയത്. വനിതാ എസ്ഐമാർ രണ്ടാഴ്ച മുൻപ് അജിതാബീഗത്തിന് നല്കിയ മൊഴിയില്‍ പോഷ് ആക്ട് (ജോലിസ്ഥലത്തുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) ചുമത്താനുള്ള വകുപ്പ് ഉണ്ടെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോഷ് ആക്ട് ചുമത്താതെയാണ് അജിതാബീഗം അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത്. തുടർന്നാണ് വീണ്ടും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയെ കൊണ്ട് പരാതിയില്‍ അന്വേഷണം നടത്തുന്നത്. മാതൃഭൂമി വാർത്ത പുറത്തുവന്നതിന് പിന്നാലെ തനിക്ക് എതിരേ ഗൂഢാലോചന ആരോപിച്ച് വി.ജി.വിനോദ്കുമാർ രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ രണ്ടിന് ഹാജരായി മൊഴിനല്‍കാൻ വി.ജി.വിനോദ്കുമാറിന് എസ്പി മെറിൻ ജോസഫ് നോട്ടീസ് നല്‍കിയതായും റിപ്പോർട്ടുകളുണ്ട്.