കാഞ്ഞങ്ങാട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.

ഇന്ന് പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ച ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് പേരുടെ മൃതദേഹം പരിയാരത്തേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിലാണ്. മരിച്ച രഞ്ചേഷും, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന രാകേഷും ജോലിയുള്ളവരാണ്. എന്താണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നതടക്കം പുറത്തുവരാനുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
