ലക്കിടി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീർ അറിയിച്ചു.
അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്.
വലിയ അപകടം തലനാരിഴക്കാണ് വഴിമാറിയത്. ചുരത്തിൽ നേരിയ മഴ പെയ്യുന്നത് സാഹചര്യം രൂക്ഷമാക്കുകയാണ്. ചെറിയ കല്ലുകള്‍ റോഡിലേക്ക് ഒലിച്ചുവരുന്നുണ്ട്. പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റോഡിന്‍റെ പകുതി വരെ കല്ലുകൾ വീണുകിടക്കുന്നുണ്ട്.