ഭീകരാക്രമണത്തിന് പഹല്‍ഗാം തിരഞ്ഞെടുക്കാൻ കാരണം എന്ത് ? അന്വേഷണ വിവരങ്ങൾ വ്യക്തമാക്കി എൻ ഐ എ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.ഭീകരാക്രമണത്തിന് പഹല്‍ഗാം മേഖല ഭീകരർ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എൻ ഐ എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വൻ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹല്‍ഗാമിനെ ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻ ഐ എയുടെ കണ്ടെത്തല്‍. പ്രധാന ടൗണില്‍ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു. മൂന്ന് ഭീകരരാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിവെച്ചതെന്നും എൻ ഐ എ വിവരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർത്ത ഈ ആക്രമണം, ഈ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍ വെളിവാക്കുന്നതായും എൻ ഐ എ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisements

2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തില്‍ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഹല്‍ഗാമിലെ ബൈസാരൻ പുല്‍മേടുകളില്‍ നിന്ന് പാഞ്ഞെത്തി ഭീകരർ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മതം ചോദിച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട തിരിച്ചടി, പാകിസ്ഥാനില്‍ കടന്ന് ഭീകരകേന്ദ്രങ്ങളടക്കം തകർത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിലടക്കം ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. നമ്മുടെ സൈനികർ തീവ്രവാദികള്‍ക്ക് നല്ല മറുപടി നല്‍കി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച്‌ തീവ്രവാദികള്‍ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നല്‍കി. പാക് തീവ്രവാദ കേന്ദ്രങ്ങള്‍ നമ്മുടെ സൈന്യം തകർത്തു. ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറില്‍ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല.

ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറില്‍ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്ബരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയില്‍ നിരവധി പരിഷ്ക്കാരങ്ങള്‍ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles