കോട്ടയം : കോട്ടയം പാറമ്പുഴ കുഴിയാലിപ്പടിയിൽ കെ. റെയിൽ വിരുദ്ധ സമരക്കാരെ നേരിടാൻ പൊലീസ് എത്തിയത് വൻ സന്നാഹങ്ങളുമായി. പൊലീസിന്റെ ഗ്രനേഡ് പ്രയോഗിക്കുന്ന വാഹനമായ വജ്രയുമായാണ് സംഘം ഇപ്പോൾ കുഴിയാലിപ്പടിയിൽ എത്തിയിരിക്കുന്നത്. സംഘർഷം ഉണ്ടായാൽ ഗ്രനേഡ് പ്രയോഗിക്കാൻ മടിക്കില്ലന്ന സൂചനയാണ് പൊലീസ് സംഘം നൽകുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷമുണ്ടായാൽ ഗ്രനേഡ് പ്രയോഗിക്കേണ്ടിവരുമെന്ന സൂചനയാണ് പൊലീസ് സംഘം നൽകുന്നത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിരിക്കുന്നത്.
കെ റെയിലിന് സർവേ നടത്താൻ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ലോറിയിൽ കല്ലുമായി ഉദ്യോഗസ്ഥ സംഘം പാറമ്പുഴ കുഴിയാലിപ്പടിയിൽ എത്തിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തിയതോടെ സംഘം പിൻവാങ്ങി. തുടർന്നാണ് പൊലീസ് സംഘത്തെ നാട്ടുകാരെ നേരിടാൻ നിയോഗിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലം പ്രയോഗിക്കരുത് എന്ന നിർദേശം നില നിൽക്കെയാണ് ഇപ്പോൾ വജ്ര അടക്കമുള്ള വൻ സന്നാഹവുമായി പൊലീസ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് പാറമ്പുഴ നട്ടാശേരി കുഴിയാലിപ്പടിയിൽ സർവേ നടത്തി കല്ലിടുന്നതിനായി ഉദ്യോഗസ്ഥ സംഘം എത്തിയത്. തഹസീൽദാരുടെ നേതൃത്വത്തിൽ സർവേ കല്ലുകളുമായി ലോറിയിലാണ് സംഘം എത്തിയത്. ലോറിയിൽ എത്തിയ സംഘം സർവേ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ജോലികൾ തടയുന്നതിനായി നാട്ടുകാരും സ്ഥലത്തേയ്ക്ക് എത്തിത്തുടങ്ങി. സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയാണ് ആളുകൾ ഇവിടേയ്ക്ക് എത്തുന്നത്. സർവേയും കല്ലിടീലും തടയുന്നതിനായി കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു. രണ്ട് ദിവസം സർവേ സംഘം തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് സർവേ സംഘത്തെ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്ഥാപിച്ച സർവേക്കല്ലുകൾ നാട്ടുകാർ പറിച്ചെറിഞ്ഞതോടെയാണ് കെ. റെയിൽ സംഘം കുഴിയാലിപ്പടിയിൽ നിന്നും മടങ്ങിയത്.