പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പ്:  ബെൽജിയത്തിൽ തടവിൽ കഴിയുന്ന മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ബെൽജിയത്തിലെ അപ്പീൽ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തിൽ തുടരുന്നതിനിടെയാണ് മെഹുൽ ചോക്‌സി ബെൽജിയത്തിലെ കോടതിയെ സമീപിച്ചത്.

Advertisements

ഇന്ത്യയിലെ വമ്പൻ വായ്പാ തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട ചോക്‌സി പലതവണ ഒളിവിൽ പോയെന്നും ജാമ്യം ലഭിച്ചാൽ ബെൽജിയത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിൽ കേസന്വേഷിക്കുന്ന സിബിഐ ബെൽജിയത്തിലെ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ മുഖവിലക്കെടുത്താണ് വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിച്ച് ബെൽജിയത്തിലെ കോടതി ഹർജി തള്ളിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിബിഐയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബെൽജിയത്തിൽ മെഹുൽ ചോക്‌സി അറസ്റ്റിലായത്. ഇതിന് മുൻപും ചോക്സി ജാമ്യാപേക്ഷ നൽകിയിരുന്നു. അതും കോടതി തള്ളുകയാണ് ചെയ്തത്. പിന്നീട് ഓഗസ്റ്റ് 22 ന് വീണ്ടും ജാമ്യാപേക്ഷ ഫയൽ ചെയ്യുകയായിരുന്നു. വീട്ടുതടങ്കലിൽ നിരീക്ഷണത്തിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു ചോക്‌സിയുടെ ഹർജിയിലെ ആവശ്യം. ഇന്ത്യ ആസ്ഥാനമായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ ചോക്‌സിക്ക് 66 വയസാണ് പ്രായം. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം പകുതിയോടെ ബെൽജിയത്തിലെ കോടതിയിൽ വാദം ആരംഭിക്കും. ഈ ഘട്ടത്തിൽ ജാമ്യാപേക്ഷയുമായി വീണ്ടും ചോക്‌സി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിലെ 13,000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് കേസുകളിൽ മെഹുൽ ചോക്‌സിയും മരുമകൻ നീരവ് മോദിയുമാണ് പ്രധാന പ്രതികൾ. നീരവ് മോദിയെ 2019 ൽ ലണ്ടനിൽ പിടികൂടിയിരുന്നു. ഇദ്ദേഹം ഇപ്പോഴും ലണ്ടനിലെ ജയിലിലാണ്. ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദിയും കോടതിയെ സമീപിച്ചിട്ടുണ്ട്. 

ബെൽജിയത്തിലെ അഴിമതി നിരോധന നിയമങ്ങൾക്ക് പുറമെ, ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ അടക്കം മെഹുൽ ചോക്സിക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി 2018 ലും 2021 ലും പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകൾ ബെൽജിയത്തിലെ അന്വേഷണ സംഘങ്ങൾക്ക് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്.

Hot Topics

Related Articles