കോട്ടയം : കേന്ദ്ര – സംസ്ഥാന – സർക്കാരുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28 , 29 തീയതികളിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സെറ്റോയുടെ നേതൃത്വത്തിൽ 48 മണിക്കൂർ പണിമുടക്കുമെന്ന് കേരള എൻ.ജി ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. കോട്ടയം കളക്ട്രേറ്റിൽ നടന്ന പണിമുടക്ക് വിശദീകരണ യോഗവും അംഗത്വ പ്രചരണ പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുവാനുള്ള കേന്ദ്രനയങ്ങൾക്കെതിരെയും സിവിൽ സർവ്വീസ് തസ്തിക വെട്ടിക്കുറച്ച് കരാർ നിയമനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയുമാണ് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കുന്നത്. 3 ഗഡു ക്ഷമബത്ത അനുവദിക്കുക , ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക , തദ്ദേശ പൊതു സർവ്വീസ് രൂപീകരണം ഉപേക്ഷിക്കുക , ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക , മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സെറ്റോ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ബ്രാഞ്ച് പ്രസിഡൻറ് എൻ.എ. ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ്സ് , കെ.സി.ആർ തമ്പി, ഫിറോസ് ഖാൻ , ജില്ലാ വൈസ് പ്രസിഡൻ്റ് ജെ ജോബിൻസൺ, ആർ. ബിജു, സ്മിതാ രവി, രാജേഷ് വി. ജി, ജയകുമാർ കെ.എസ് എന്നിവർ പ്രസംഗിച്ചു.