പോഗ്യാങ്: റഷ്യയ്ക്കുവേണ്ടി യുക്രൈൻ യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട ഉത്തര കൊറിയക്കാരുടെ കുടുംബങ്ങള്‍ക്ക് ‘മനോഹരമായ ജീവിതം’ ഉറപ്പുനല്‍കി കിം ജോങ് ഉൻ.റഷ്യയ്ക്കുവേണ്ടി ‘പോരാടി രക്തസാക്ഷികള്‍’ ആയവരുടെ കുടുംബങ്ങള്‍ക്ക് കിം ജോങ് ഉൻ സുന്ദരമായ ജീവിതം ഉറപ്പുനല്‍കിയെന്നാണ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോർട്ട്.
റഷ്യൻ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഉത്തര കൊറിയൻ സൈനികരുടെ കുടുംബങ്ങളെ ആദരിക്കാനും അവരെ പ്രശംസിക്കാനുമായി വെള്ളിയാഴ്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ഉത്തര കൊറിയൻ ഏകാധിപതി ഈ ഉറപ്പുനല്‍കിയത്. രാജ്യത്തിന്റെ അഭിമാനത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ജീവൻ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട്ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”കുടുംബങ്ങള്‍ നല്‍കിയ ശക്തിയും ധൈര്യവുമാണ് സൈനികരുടെ വീരോചിതമായ നേട്ടങ്ങള്‍ സാധ്യമാക്കിയത്. അവർ എനിക്ക് ഒരു ചെറിയ കത്തുപോലും എഴുതിയിട്ടില്ല. പക്ഷേ, പ്രിയപ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ അവർ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നതായി ഞാൻ കരുതുന്നു. ഈ രാജ്യം നിങ്ങള്‍ക്ക് മനോഹരമായ ഒരു ജീവിതം നല്‍കും”, കിം പറഞ്ഞു.
അടുത്തിടെ റഷ്യയിലെ കുർസ്ക് മേഖലയില്‍ യുദ്ധത്തിനിടെ ജീവൻപൊലിഞ്ഞ സൈനികരെ ആദരിക്കാനായാണ് വെള്ളിയാഴ്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കുർസ്കിലെ സൈനികനീക്കത്തില്‍ ഉത്തരകൊറിയൻ സൈനികർ പങ്കെടുക്കുന്നതിന്റെ ഡോക്യുമെന്ററിയും കഴിഞ്ഞദിവസം ഔദ്യോഗിക ടെലിവിഷനില്‍ പ്രക്ഷേപണംചെയ്തിരുന്നു.
അതേസമയം, യുക്രൈൻ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ യഥാർഥ കണക്കുകള്‍ റഷ്യയോ ഉത്തര കൊറിയയോ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 15,000 ഉത്തരകൊറിയൻ സൈനികരെയാണ് റഷ്യയ്ക്കായി വിന്യസിച്ചിരുന്നതെന്നും ഇതില്‍ ഏകദേശം 600-ഓളം സൈനികർ കൊല്ലപ്പെട്ടതായുമാണ് ദക്ഷിണകൊറിയൻ ഇന്റലിജൻസ് ഏജൻസി പറയുന്നത്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ ഇന്റലിജൻസ് വിവരങ്ങളനുസരിച്ച് യുക്രൈൻ യുദ്ധത്തില്‍ ആറായിരത്തിലധികം ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് പറയുന്നത്.