ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം; നരേന്ദ്ര മോദി മണിപ്പൂർ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മിസോറാമിലെ ഐസ്വാളിൽ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisements

2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂൾ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഇംഫാലിലെ ഉദ്യോഗസ്ഥർക്ക് സന്ദർശനം സ്ഥിരീകരിക്കാനായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളിലെയും നിയമപാലകരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് മാനേജ്മെന്റ്, സ്വീകരണ പരിപാടികൾ, തെരുവുകൾ അലങ്കരിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ഐസ്വാളിലെ ലമ്മാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർക്കാർ ജീവനക്കാർ, കർഷകർ, വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനമെടുത്തു. പുതിയ 51.38 കിലോമീറ്റർ റെയിൽവേ ലൈൻ കേന്ദ്ര സർക്കാരിന്‍റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗതാഗത ബന്ധവും സാമ്പത്തിക സംയോജനവും വർദ്ധിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. 

ഈ പുതിയ റെയിൽവേ ലൈൻ ഐസ്വാളിനെ അസമിന്‍റെ സിൽച്ചാർ പട്ടണം വഴി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. അടുത്ത വർഷം ജനുവരി വരെയാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നാണ് ഈ നീക്കം.

Hot Topics

Related Articles