ചണ്ഡീഗഢ്: സ്കൂട്ടറിന്റെ പിൻസീറ്റില്‍ സഞ്ചരിക്കുകയായിരുന്ന ജാപ്പനീസ് വിനോദസഞ്ചാരിയില്‍നിന്ന് ഹെല്‍മറ്റ് ധരിക്കാത്തതിന് ആയിരം രൂപ കൈക്കൂലി വാങ്ങി ട്രാഫിക് പോലീസ്.ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. പിഴയെന്ന പേരില്‍ ആയിരം രൂപ ഈടാക്കിയെന്നാണ് ആരോപണം. ജപ്പാൻ സ്വദേശിയായ കയ്റ്റോ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മെറ്റ സ്മാർട്ട് ഗ്ലാസിലൂടെ പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുറ്റക്കാരായ മൂന്ന് ട്രാഫിക് ഉദ്യോഗസ്ഥരെ ഗുരുഗ്രാം ട്രാഫിക് പോലീസ് സസ്പെൻഡ് ചെയ്തു. കരണ്‍ സിങ്, ശുഭം, ഭൂപേന്ദർ എന്നിവരാണ് സസ്പെൻഷനിലായത്.
ഒരുദിവസം മുൻപാണ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇൻസ്റ്റാഗ്രാമില്‍ കയ്റ്റോ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതിക്കൊപ്പം സ്കൂട്ടറില്‍ കയ്റ്റോ യാത്രചെയ്യുന്നത് കാണാം. യൂ ടേണ്‍ എടുക്കുന്നതിനിടെ ട്രാഫിക് പോലീസ് കൈകാട്ടി വണ്ടി നിർത്തി. പിൻസീറ്റില്‍ ധരിക്കുന്നവർക്കും ഹെല്‍മറ്റ് നിർബന്ധമാണെന്നും ധരിക്കാത്തതിനാല്‍ ആയിരം രൂപ പിഴയൊടുക്കണമെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. മുറി ഇംഗ്ലീഷില്‍ പിഴ ഇവിടെ അടച്ചില്ലെങ്കില്‍ കോടതിയില്‍ അടയ്ക്കേണ്ടി വരുമെന്ന് ട്രാഫിക് ഉദ്യോഗസ്ഥൻ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഴ അടയ്ക്കാമെന്ന് സമ്മതിച്ച കയ്റ്റോ കാർഡ് ഉപയോഗിച്ചോട്ടെയെന്ന് ട്രാഫിക് ഉദ്യോഗസ്ഥരോട് ചോദിച്ചു. എന്നാല്‍, കാർഡ് പറ്റില്ലെന്നും പിഴ പണമായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ കൈയിലുണ്ടായിരുന്ന 500-ന്റെ രണ്ട് നോട്ടുകള്‍ ഉദ്യോഗസ്ഥന് കയ്റ്റോ കൈമാറുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പ്രദേശത്ത് പലരും ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥരോട് കയ്റ്റോ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വിദേശിയായതിനാലാണ് ഇത്തരമൊരു സംഭവം ഇന്ത്യയില്‍ നേരിടേണ്ടിവന്നതെന്ന് കയ്റ്റോ പിന്നീട് വിശദീകരിച്ചു.
കയ്റ്റോയ്ക്ക് നേരിടേണ്ടിവന്ന അനുഭവം സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായി. നിരവധി പ്രതികരണങ്ങളാണ് വീഡിയോ പങ്കുവെച്ച കയ്റ്റോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിഴ വാങ്ങിയ ഉദ്യോഗസ്ഥർ രസീത് നല്കാത്തതിനാല് ഇത് കൈക്കൂലിയായി മാത്രമേ കാണാൻ കഴിയൂവെന്നാണ് സാമൂഹികമാധ്യമങ്ങളിലെ പലരും പറയുന്നത്. സസ്പെൻഷൻ മാത്രം പോരാ, അവരെ ഏതാനും ദിവസം ജയിലിലടണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. സസ്പെൻഷൻ ആയാലും ശമ്ബളത്തിന്റെ ഒരു പങ്ക് ലഭിക്കുമെന്നതിനാല്‍ സസ്പെൻഷൻ ചിലർക്ക് അനുഗ്രഹമാണെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. അതേസമയം, അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായും തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഗുരുഗ്രാം ട്രാഫിക് പോലീസ് കുറിച്ചു.