ന്യൂഡല്‍ഹി: യു.എസ് ചുമത്തിയ ഉയർന്ന തീരുവ മൂലം പ്രതിസന്ധിയിലായി കയറ്റുമതിക്കാരെ സംരക്ഷിക്കാൻ പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.സാഹചര്യം ഉടൻ മാറുമെന്നുപറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും സർക്കാർ അവർക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏർപ്പെടുത്തിയ 50% താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാൻ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു. പാക്കേജിന്റെ വിശദാംശങ്ങള്‍ അവർ വെളിപ്പെടുത്തിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമൻ വ്യക്തമാക്കി. റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തുനിന്ന് വാങ്ങും. വലിയ തുകയാണ് എണ്ണ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ആ ഇടപാട് നമുക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലായിരിക്കണം. തീർച്ചയായും റഷ്യയില്‍നിന്ന് എണ്ണ വാങ്ങും, നിർമല സീതാരാമൻ പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന് ഇന്ത്യയ്ക്കുമേല്‍ യു.എസ് പിഴത്തീരുവയടക്കം 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പുറമെയാണ്, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായി ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം പിഴ തീരുവയും ചുമത്തിയത്. എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യുക്രൈൻ യുദ്ധത്തില്‍ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്നാരോപിച്ചായിരുന്നു ഇത്.
യു.എസ് തീരുവ 50 ശതമാനമായി ഉയർത്തിയത് ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെമ്മീൻ, തുകല്‍, രത്നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിർമാതാക്കള്‍ ഉത്പാദനം നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ സാഹചര്യം നേരിടുന്നതിനായി കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്ബത്തിക മേഖല, ആഭ്യന്തര ആവശ്യം വർധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണം, തുണി വ്യവസായം പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ജിഎസ്ടി വഴി പിന്തുണയ്ക്കല്‍ തുടങ്ങിയവ സർക്കാരിന്റ ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.