ദില്ലി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം. യാത്രയ്ക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം മാറ്റിവച്ചതായി അഫ്‌ഗാൻ അറിയിച്ചു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത കാബൂളിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ പ്രതിനിധി സംഘത്തിൻ്റെ സന്ദർശനമാകുമായിരുന്നു ഇത്.

എല്ലാ മുൻനിര താലിബാൻ നേതാക്കൾക്കെതിരെയും യുഎൻ രക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശയാത്രകൾക്ക് ഇവർക്ക് ഇളവ് തേടേണ്ടതുണ്ട്. എന്നാൽ മുത്തഖിയുടെ യാത്ര റദ്ദാക്കിയതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി പറഞ്ഞില്ല. അഫ്‌ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമുണ്ടെന്നും അഫ്‌ഗാൻ ജനത്തിൻ്റെ അഭിലാഷങ്ങളും വികസന ആവശ്യങ്ങളും ഇന്ത്യ പിന്തുണക്കുന്നത് തുടരുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 15 ന് മുത്തഖിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോൺ സംഭാഷണം നടത്തിയിരുന്നു. താലിബാൻ അധികാരത്തിൽ വന്ന ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സൗഹൃദ സംഭാഷണമായിരുന്നു ഇത്. താലിബാൻ അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇവിടെ ജനാധിപത്യ ഭരണം സ്ഥാപിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേത്. ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവർത്തനങ്ങൾക്ക് അഫ്‌ഗാനിസ്ഥാൻ കേന്ദ്രമാകരുതെന്നും ഇന്ത്യക്ക് നിർബന്ധമുണ്ട്. അതിനാൽ തന്നെ താലിബാനുമായി നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും തീർത്തും അകലം പാലിക്കാതെയുമാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
