ആ​ഗോള അയ്യപ്പ സം​ഗമം: വെള്ളാപ്പള്ളിയെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ്; ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു

ആലപ്പുഴ: സംസ്ഥാന സർ‌ക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പസം​ഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പിഎസ്‍ പ്രശാന്ത്. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

Advertisements

വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഎസ്എസ്, എസ്എൻഡിപി പ്രതിനിധികളെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ചുകൊണ്ടാണ് സർക്കാരിൻ്റെ നീക്കം. അതേസമയം, 22ന് നടക്കുന്ന ബദൽ സംഗമത്തിന്റെ നീക്കങ്ങൾ ശബരിമല കർമ്മസമിതിയും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും സര്‍ക്കാരിന്‍റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. 

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഓഫീസിൽ ഏല്‍പ്പിച്ചെന്ന് പിഎസ്‍ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. 

ആ​ഗോള അയ്യപ്പ സം​ഗമം സുപ്രധാന പരിപാടിയാണെന്നായിരുന്നു മന്ത്രി വിഎൻ വാസവൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പരിപാടിയെ വിഭാ​ഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിരുന്നു. കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നുവെന്നും അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും രാഷ്ട്രീയവിവാദത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംഗമം നടക്കുന്നത് പമ്പയിൽ ശബരിമലയിൽ അല്ല. മാസ്റ്റർ പ്ലാൻ ആണ് ചർച്ചക്കുള്ളത്. വിമാനത്താവളത്തിന്റെ ഭാവിയും ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ വികസനം അടക്കം പശ്ചാത്തല വികസനം ആണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മനപൂർവ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നുവെന്നും നേരത്തെ ദിവസം നിശ്ചയിച്ച് ചെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാത്തത് മര്യാദ കേടാണെന്നും മന്ത്രി വി എൻ വാസവൻ വിമർശിച്ചു.

Hot Topics

Related Articles