അനുഗ്രഹം തേടി ആയിരങ്ങൾ; ഭക്തജനസാഗരമായി മണർകാട് റാസ

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസയിൽ അനുഗ്രഹം തേടി ആയിരങ്ങൾ. ആഘോഷവും ആത്മീയതയും സമന്വയിച്ച റാസയിൽ വർണവിസ്മയം തീർത്ത് മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ മൂന്നര കിലോമീറ്ററിലധികം നീളത്തിൽ നാനാജാതി മതസ്ഥരായ ആയിരങ്ങൾ അണിനിരന്നു.

Advertisements

ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിനോടുള്ള അപേക്ഷകളും സ്തുതിപ്പുകളും കീർത്തനങ്ങളുമായി വിശ്വാസികൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാപ്രദക്ഷിണത്തിൽ പങ്കുചേർന്നു. മാധ്യാഹ്നപ്രാർഥനാവേളിയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന വശ്യതയാർന്ന ഛായാചിത്രമുള്ള കൊടിയും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഛായാചിത്രമുള്ള കൊടിയും ഒരു മരക്കുരിശും രണ്ടു വെട്ടുക്കുടകളും പിന്നിൽ കൊടികളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുമണിയോടെ മരക്കുരിശുകളും പൊൻ,വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. 200ൽ അധികം പൊൻ-വെള്ളിക്കുരിശുകളാണ് ഇത്തവണ റാസയിൽ ഉപയോഗിച്ചത്. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്നു വിശ്വാസികളെയും ദേശത്തെയും ആശീർവദിച്ചു. ജെ. മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ, ഫാ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ എന്നിവർ റാസയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിലെ കുരിശിൻതൊട്ടിയിൽ ജെ. മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ വചനസന്ദേശം നൽകി. തുടർന്ന് റാസാ കരോട്ടെ പള്ളിയിലെത്തി. പള്ളിയുടെ താഴത്തെ കുരിശിങ്കലും പള്ളിക്ക് ഉള്ളിലും വൈദികരുടെ കബറിടത്തിലും നടന്ന ധൂപപ്രാർഥനയ്ക്കുശേഷം അഞ്ചരയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നത്. കത്തീഡ്രലിലെ ധൂപപ്രാർഥനയ്ക്ക് ശേഷം അംശവസ്ത്രധാരികളായ വൈദികർ വിശ്വാസീസമൂഹത്തെ ആശീർവദിച്ചു.

വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും റാസയ്ക്ക് പൊലിമ പകർന്നു. 20 വാദ്യമേളങ്ങളായിരുന്നു റാസയിൽ പങ്കെടുത്തത്. ഇടവകയിലെയും സമീപ പള്ളികളിൽനിന്നുമായി പത്ത് ഗായകസംഘം പങ്കെടുത്തു.

വീഥികൾക്കിരുവശവും വിശ്വാവസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരകളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. വയോജനസംഘാംഗങ്ങൾ പരമ്പരാഗത വേഷത്തിലും വിനിതാസമാജാംഗങ്ങൾ യൂണിഫോമിലും ഇവർക്ക് പിന്നിലായി കത്തിച്ചമെഴുകുതിരികളുമായി ശുശ്രൂഷകസംഘം അംഗങ്ങളും പൊൻ-വെള്ളി കുരിശുകൾക്കിരുവശവുമായി അണിനിരന്നു. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർത്ഥനയും നടന്നു.

റസായുടെ ക്രമീകരണങ്ങൾക്ക് റാസ കമ്മിറ്റി കൺവീനറും പ്രോഗ്രാം ജോയിൻ്റ് കൺവീനറുമായ ഫാ. ലിറ്റു തണ്ടാശേരിൽ, റാസ കമ്മിറ്റി ജോയിൻ്റ് കൺവീനർ ബിജു പെരുമാനൂർ എന്നിവരും പെരുന്നാൾ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ, പ്രോഗ്രാം കൺവീനർ കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles