കുറവിലങ്ങാട് :ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് ബാലഗോകുലങ്ങളുടെ നേത്യത്വത്തിൽ പതാക ദിനം ആചരിച്ചു. ബാലികാ ബാലന്മാരടങ്ങുന്ന സംഘം കുറവിലങ്ങാട് ‘മരങ്ങാട്ടുപിള്ളി ‘ കടപ്ലാമറ്റം ‘ഉഴവുർ ‘രാമപുരം ‘കാണക്കാരി ‘ ഞീഴൂർ ‘മാഞ്ഞുർ കടുത്തുരുത്തി കല്ലറ പഞ്ചായത്തുകളിലായി 247 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
ശ്രീകൃഷ്ണ ജയന്തിയായ 14 വരെ വിവിധ കേന്ദ്രങ്ങളിൽ ‘ ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്ന സന്ദേശ വാക്യവുമായി സാംസ്കാരിക സദസുകൾ, ചിത്രരചനാ മത്സരങ്ങൾ, ഗോപികാനൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് തുടങ്ങിയ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ശ്രീകൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങൾ. 14 നാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. കുട്ടികളുടെ ആഘോഷ സമിതികൾ ഓരോ സ്ഥലത്തും ശോഭായാത്രയ്ക്ക് നേതൃത്വം നല്കും. ഭക്തിസാന്ദ്രമായിട്ടാകും ശോഭായാത്ര.