ശബരിമല സ്വർണ്ണപ്പാളി വിവാദം: സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി; ദേവസ്വം ബോർഡിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. 

Advertisements

കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരവില്‍ നിയമ വിദഗ്ധരുമായി ചർച്ച നടത്താനാണ് നീക്കം. ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണ്ണം പൂശിയ പാളികളുടെ അറ്റകുറ്റപ്പണി ചെന്നൈയിൽ തുടങ്ങിയെന്നും തിരികെ എത്തിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ബോർഡിന് കഴിയില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

എന്നാല്‍ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് സാങ്കേതികം മാത്രമാണെന്നും സ്വർണ്ണം പൂശിയ പാളികളുടെ അടക്കം സർവ്വാധികാരി തിരുവാഭരണം കമ്മീഷണർ ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് പറഞ്ഞു.

അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് ഇന്നലെ പ്രതികരിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ദേവസ്വം ബോർഡ് തീരുമാന പ്രകാരമാണ് സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്ന് കരുതുന്നുവെന്നും ദേവസ്വം ബോർഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം നല്‍കിയത്.

Hot Topics

Related Articles