യു എൻ മനുഷ്യാവകാശ കൗണ്‍സിലില്‍ : പാക്കിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഇന്ത്യ : സ്വിറ്റ്സർലഡിനും താക്കീത്

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎൻഎച്ച്‌ആർസി) പാകിസ്താനെതിരെയും സ്വിറ്റ്സർലഡിനെതിരെയും ആഞ്ഞടിച്ച്‌ ഇന്ത്യ.ജനീവയില്‍ നടന്ന കൗണ്‍സിലിന്റെ 60-ാം സെഷനിലെ അഞ്ചാമത്തെ യോഗത്തില്‍ സംസാരിക്കവെ ചൊവ്വാഴ്ചയാണ് ഇന്ത്യൻ നയതന്ത്രജ്ഞനായ ക്ഷിതിജ് ത്യാഗി ഇരുരാജ്യങ്ങള്‍ക്കുമെതിരെ കടുത്ത പ്രസ്താവനകള്‍ നടത്തിയത്. പാകിസ്താന് ഇന്ത്യയോട് ഒരുതരം രോഗാതുരമായ അഭിനിവേശമാണെന്നും നുണകള്‍ പ്രചരിപ്പിക്കാൻ അന്താരാഷ്ട്ര വേദികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

പാകിസ്താന്റെ പ്രസ്താവനകളെ ആവർത്തന വിരസമായ പ്രചാരവേലയെന്ന് തള്ളിക്കളഞ്ഞ ഇന്ത്യ, അവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു. ‘പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ കൃത്യവും വ്യക്തവുമായ പ്രതികരണത്തില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എല്ലാവർക്കും വ്യക്തമായതാണ്. ഒരു ഭീകരവാദ പ്രോത്സാഹകനില്‍ നിന്ന് ഞങ്ങള്‍ക്ക് പാഠങ്ങള്‍ ആവശ്യമില്ല, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരില്‍ നിന്ന് പ്രഭാഷണങ്ങളും വേണ്ട. സ്വന്തം വിശ്വാസ്യതയെ ഇല്ലാതാക്കിയ ഒരു രാജ്യത്തില്‍ നിന്ന് ഉപദേശവും ആവശ്യമില്ല.’ ത്യാഗി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇന്ത്യ, ആ രാജ്യത്തെ പൗരന്മാരെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ സംരക്ഷിക്കുന്നതും, വിട്ടുവീഴ്ചയില്ലാതെ അതിന്റെ പരമാധികാരം സംരക്ഷിക്കുന്നതും തുടരും. ഭീകരതയുടെയും ദുരന്തങ്ങളുടെയും കച്ചവടത്തെ ആശ്രയിച്ച്‌ നിലനില്‍ക്കുന്ന ഒരു പരാജയപ്പെട്ട രാജ്യത്തിന്റെ വഞ്ചനകളെ വിശദമായി തുറന്നുകാട്ടുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സ്വിറ്റ്സർലൻഡ് നടത്തിയ പരാമർശങ്ങളെ, അപ്രതീക്ഷിതവും ഉപരിപ്ലവവും വിവരദോഷപരവുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. വംശീയത, വ്യവസ്ഥാപിതമായ വിവേചനം, വിദേശികളോടുള്ള വെറുപ്പ് തുടങ്ങി സ്വന്തം രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ അവർ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ കൗണ്‍സിലിന്റെ 60-ാം സെഷനില്‍ ഹൈക്കമ്മീഷണറുടെ വാക്കാലുള്ള റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലായിരുന്നു ജനീവയിലെ ഇന്ത്യൻ സ്ഥിരം മിഷനിലെ കൗണ്‍സിലറായ ക്ഷിതിജ് ത്യാഗിയുടെ രൂക്ഷ പ്രതികരണം. ‘ഞങ്ങളുടെ അടുത്ത സുഹൃത്തും പങ്കാളിയുമായ സ്വിറ്റ്സർലൻഡ് നടത്തിയ അപ്രതീക്ഷിതവും ഉപരിപ്ലവവും വിവരദോഷവുമായ പരാമർശങ്ങളോട് പ്രതികരിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ എന്ന് പറഞ്ഞാണ് അദ്ദേഹം തിരിച്ചടിച്ചത്.

‘ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും, അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ ഉയർത്തിപ്പിടിക്കാനും’ ഇന്ത്യൻ സർക്കാരിനോട് തങ്ങളുടെ രാജ്യം ആവശ്യപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ സ്വിസ് പ്രതിനിധി പറഞ്ഞിരുന്നു.

യുഎൻ മനുഷ്യാവകാശ കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് സ്വിറ്റ്സർലൻഡ് ആയതിനാല്‍, പച്ചക്കള്ളവും ഇന്ത്യയുടെ യാഥാർത്ഥ്യത്തോട് നീതി പുലർത്താത്തതുമായ ആഖ്യാനങ്ങള്‍ ഉപയോഗിച്ച്‌ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നത് സ്വിറ്റ്സർലഡ് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും ത്യാഗി അഭിപ്രായപ്പെട്ടു.

‘അതിനുപകരം.. വംശീയത, വ്യവസ്ഥാപിതമായ വിവേചനം, വിദേശികളോടുള്ള വെറുപ്പ് തുടങ്ങിയ സ്വന്തം വെല്ലുവിളികളില്‍ സ്വിറ്റ്സർലഡ് ശ്രദ്ധ കേന്ദ്രീകരിക്കണം. ബഹുസ്വരതയെ നാഗരികതയുടെ ഭാഗമായി സ്വീകരിച്ച, ലോകത്തിലെ ഏറ്റവും വലുതും, വൈവിധ്യപൂർണ്ണവും, ഊർജ്ജസ്വലവുമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍, ഈ ആശങ്കകളെ അഭിസംബോധന ചെയ്യാൻ സ്വിറ്റ്സർലൻഡിനെ സഹായിക്കാൻ ഇന്ത്യ തയ്യാറാണ്,’ ത്യാഗി കൂട്ടിച്ചേർത്തു.

Hot Topics

Related Articles