ആലപ്പുഴ: രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്ന് സിപിഐ. ‘കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും കേരള പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെ’ന്ന് സമ്മേളനത്തില്‍ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടില്‍ പറയുന്നു.ലോക്കപ്പ് മർദനങ്ങളും പെരുമാറ്റദൂഷ്യവും മൂലം കേരള പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുന്നതിനിടെയാണ് ഈ നിലപാട്.
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനില കേരളത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. നേരത്തേ, സംസ്ഥാന കൗണ്‍സിലില്‍ കരടു റിപ്പോർട്ട് ചർച്ചയ്ക്കു വന്നപ്പോള്‍ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശം ഉയർന്നിരുന്നു. എന്നാല്‍, ഇക്കാര്യം റിപ്പോർട്ടില്‍ ഉള്പ്പെടുത്തേണ്ടാ, പ്രതിനിധികള്‍ ചർച്ചയില്‍ പറഞ്ഞോട്ടെ എന്ന നിലപാടിലായിരുന്നു ബിനോയ് വിശ്വം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റു വകുപ്പുകള്‍ക്കും പുകഴ്ത്തല്‍
സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കു പുറമേ വ്യവസായം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി, തുറമുഖം, തൊഴില്‍ തുടങ്ങി ഒട്ടു മിക്ക വകുപ്പുകളെയും റിപ്പോർട്ട് നന്നായി പുകഴ്ത്തുന്നുണ്ട്.
കേരളത്തിലുയരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടാനും ആവശ്യമായ കർമപരിപാടികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകണമെന്ന് ധനവകുപ്പിനെ ഉപദേശിക്കുന്നുമുണ്ട്.
ലോക്സഭയില്‍ രണ്ടക്കമില്ലാതെ എങ്ങനെ ഫാസിസത്തെ നേരിടും -ഡി. രാജ
ഇടതുപാർട്ടികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍ രണ്ടക്കം തികയാത്ത സ്ഥിതിയില്‍ ഫാസിസത്തെ എങ്ങനെ നേരിടാനാകുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. 41-ല്‍ നിന്ന് രണ്ടക്കത്തിനു താഴേക്ക് ഇടത് അംഗസംഖ്യ താഴ്ന്നു. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിക്ക് കമ്യൂണിസ്റ്റ് ഐക്യം അനിവാര്യമാണ്.
എവിടെ പോകുമ്ബോഴും പാർട്ടിക്കു പുറത്തുള്ള ബുദ്ധിജീവികള്‍ ഈ ആവശ്യം ഉന്നയിക്കാറുണ്ട് -രാജ പറഞ്ഞു. സിപിഐ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയുമാണ് എല്ലാവരും സംസാരിക്കുന്നത്. സിപിഐയെയും പോഷകസംഘടനകളെയും ശക്തിപ്പെടുത്തി മാത്രമേ ഇക്കാര്യം സാധിക്കൂ. കേരളത്തില്‍ അംഗത്വത്തിന്റെയും ഇടപെടല്‍ ശേഷിയുടെയും കാര്യത്തില്‍ പാർട്ടി ഒന്നാംസ്ഥാനത്താണ്. എന്നാല്‍, ഗ്രാമപ്പഞ്ചായത്തു മുതല്‍ ലോക്സഭ വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ജയിക്കേണ്ടതുണ്ട്.
ലോക്സഭയിലെ അംഗസംഖ്യ ചുരുങ്ങിവരുന്നതടക്കം രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ സ്വയംചോദിച്ച് ഉത്തരം കണ്ടെത്തണം. ബംഗാളില്‍ ഇടതുശക്തികള്‍ തിരിച്ചുവരണം.
തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നിങ്ങനെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ബംഗാള്‍ രാഷ്ട്രീയം മാറണം.
ഇന്ത്യൻ ഇടതുപക്ഷം തീവ്ര വലതുപാർട്ടികളില്നിന്ന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. കേരളത്തില്‍പ്പോലും ആർഎസ്എസും ബിജെപിയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമാക്കാനാണ് ബിജെപിയുടെ ശ്രമം.
ഇന്ത്യയുടെ വൈവിധ്യം ബിജെപിയും ആർഎസ്എസും തിരിച്ചറിയുന്നില്ല. ജനാധിപത്യ മതേതരശക്തികളുടെ ഐക്യമുണ്ടായില്ലെങ്കില്‍ ബിജെപി വീണ്ടും തുടരും. കമ്യൂണിസ്റ്റുകള്‍ മാതൃകയാകുകയെന്നത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിസീഡിയം കണ്‍വീനർ സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടീവ് അംഗം ഡോ. കെ. നാരായണ, സ്വാഗതസംഘം ജനറല്‍ കണ്‍വീനർ ടി.ജെ. ആഞ്ചലോസ്, ആർ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.