ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകുകയും ചെയ്യും. ഇതിലൂടെ നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും, കൂടാതെ 19 മുതൽ 25 വരെയും ഉള്ള വാർഡുകളിൽ ആണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷനുകൾ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കുമെന്നും, അതിനായി കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. തേവരു പാറയിലെ ഉപരിതല ടാങ്കിലേക്ക് മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 90 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ നിന്നും ശുദ്ധീകരിച്ച വെള്ളം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വെട്ടിപ്പറമ്പിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിങ് മെയിൻ പൈപ്പിൽ നിന്നും 300 mm വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുങ്ങുകയാണ്. പദ്ധതി പൂർത്തീകരിച്ച ശേഷം കൂടുതലായി ജലവിതരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വിതരണ പൈപ്പുകൾ മാത്രം സ്ഥാപിച്ച കണക്ഷൻ നൽകാൻ കഴിയും. അടുത്ത മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടുകൂടി 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു
