ഖത്തർ: ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിൽ സംശയങ്ങളുമായി വിദഗ്ധർ. രണ്ട് രാജ്യങ്ങൾ കടന്നാണ് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഖത്തറിലെത്തിയത്.മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്ന് ആക്രമണം നടത്തുന്നത് പൊടുന്നനെ സംഭവിക്കുന്നതല്ല എന്നാണ് നിരീക്ഷണം. മാത്രമല്ല, ചില ഒത്തുകളികൾ നടന്നുവെന്ന് സംശയിക്കുന്നവരുമുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഖത്തറിൽ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലായിരുന്നു ആക്രമണം. സ്‌കൂളുകളും വിദേശ നയതന്ത്ര കാര്യാലയലങ്ങളുമുള്ള ഭാഗത്തായിരുന്നു ബോംബുകൾ വർഷിച്ചത്. ഹമാസ് നേതാക്കൾ താമസിക്കുന്ന കെട്ടിടം മാത്രം ലക്ഷ്യമിട്ട യുദ്ധവിമാനങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണം നടന്ന പ്രദേശത്തിന് അടുത്ത് സ്‌കൂളുകളും വിദേശ രാജ്യങ്ങളുടെ എംബസികളുമുണ്ട്. ഇവിടെ നിന്ന് അധികം ദൂരമില്ല ദോഹയിലേക്ക്. അമേരിക്കൻ സൈനികരുള്ള അൽ ഉദൈദ് താവളം 25 കിലോമീറ്റർ ചുറ്റളവിലാണ്. 15 ഇസ്രായേലി യുദ്ധവിമാനങ്ങൾ 10 ബോംബുകൾ ജനവാസ മേഖലയിൽ വർഷിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. ശക്തമായ സംവിധാനങ്ങൾ മറികടന്നു
ഖത്തറിന് മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. അമേരിക്കൻ നിർമിത പാട്രിയോട്ട്, താഡ് എന്നിവ ഖത്തറിൽ സജ്ജമാണ്. മിസൈലുകൾ എത്തുന്നത് നേരത്തെ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ ഇതൊന്നും ഇസ്രായേലിന്റെ ആക്രമണം തടയാൻ പര്യാപ്തമായില്ല. റഡാറിൽ കാണാൻ സാധിക്കാത്ത ആയുധമാണ് ഇസ്രായേൽ ഉപയോഗിച്ചത് എന്നാണ് ഖത്തർ അറിയിച്ചത്.
ആക്രമണം നടക്കുമെന്ന് ഖത്തറിനെ അറിയിച്ചു എന്നാണ് അമേരിക്ക പറഞ്ഞത്. ആക്രമണം നടക്കുന്ന വേളയിലാണ് വിവരം കിട്ടിയത് എന്ന് ഖത്തറും പറയുന്നു. ഇത്രയും വലിയ സൈനിക നീക്കം നടക്കണം എങ്കിൽ മാസങ്ങൾ നീണ്ട ഒരുക്കം വേണമെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരിക്കലും സാധ്യമല്ലെന്ന് പ്രതിരോധ വിദഗ്ധൻ ഹംസി അത്തർ അൽ ജസീറയോട് പറഞ്ഞു.
ഖത്തറിന് അകത്തേക്ക് ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങൾ എത്തിയിട്ടുണ്ട്. സൗദി അറേബ്യയ്ക്കും ജോർദാനും മുകളിലൂടെ ഏകദേശം 2000 കിലോമീറ്റർ പറന്നാണ് ഇവ വന്നത്. ഒരു രാജ്യവും ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങൾ പറക്കുന്നത് അറിഞ്ഞില്ലേ എന്ന സംശയവും ന്യായമാണ്. തുർക്കിയും ഈജിപ്തും ഹമാസ് നേതാക്കൾക്ക് സുരക്ഷ ശക്തമാക്കണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ സമാധാന ചർച്ച വിജയം കാണാത്തതിൽ ഖത്തർ അസ്വസ്ഥമായിരുന്നുവത്രെ. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിൽ അനുകൂലമായി പ്രതികരിക്കാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു എന്നും വാർത്ത വന്നിരുന്നു. ഇസ്രായേലിന് ഹമാസിനെ ഇല്ലാതാക്കണം, ഡൊണാൾഡ് ട്രംപിന് യുദ്ധം അവസാനിപ്പിക്കണം, ഖത്തറിന് മധ്യസ്ഥ ചർച്ചകളിൽ നിന്ന് പുറത്തുകടക്കണം- ഈ മൂന്ന് താൽപ്പര്യവും ആക്രമണത്തിന് പിന്നിലുണ്ട് എന്നാണ് അമേരിക്കൻ എഴുത്തുകാരൻ മുസബ് ഹസൻ യൂസഫ് പറയുന്നത്.